ബ്രിട്ടീഷ് പര്യവേക്ഷകനായ മാര്‍ക്ക് ഇവാന്‍സും സംഘവും തായിഫിലെ ശൗബ്ര കൊട്ടാരത്തില്‍

തായിഫ്- ബ്രിട്ടീഷ് പര്യവേക്ഷകനായ മാര്‍ക്ക് ഇവാന്‍സും സംഘവും തായിഫിലെ ചരിത്രപ്രസിദ്ധമായ ശൗബ്ര കൊട്ടാരത്തിലെത്തി. 13 ദിവസം കൊണ്ട് 700 കിലോമീറ്ററിലധികം മരുഭൂമിക്ക് കുറുകെ നടന്നാണ് അദ്ദേഹം തായിഫിലെത്തിയത്.
തായിഫ് നഗരത്തിലാണ് ശൗബ്ര കൊട്ടാരം സ്ഥിതി ചെയ്യുന്നത്, ഹിജ്‌റ 1323 ലാണ് (1905)  ഇത് നിര്‍മ്മിച്ചത്. അക്കാലത്ത് കയ്‌റോയിലെ ഷൗബ്ര ജില്ലയില്‍ സ്ഥാപിച്ച കൊട്ടാരങ്ങളിലൊന്നില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന.
ഇസ്‌ലാമിക, റോമന്‍ ശൈലികളും ഹിജാസ് മേഖലയിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലികളും ഇടകലര്‍ന്നതാണ് ശൗബ്ര കൊട്ടാരത്തിന്റെ ശൈലി. കമാനങ്ങള്‍, വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂരകള്‍ എന്നിവയില്‍ ഇസ്‌ലാമിക വാസ്തുവിദ്യശൈലി പ്രകടമാണ്. കൊട്ടാരത്തില്‍ ഏകദേശം 150 മുറികളുണ്ട്. പടിഞ്ഞാറ് വശത്തും കിഴക്കുമായി രണ്ട് പ്രവേശനകവാടങ്ങളുണ്ട്.
അന്തരിച്ച അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് വേനല്‍ക്കാലത്ത് തായിഫിലേക്ക് മാറിയപ്പോള്‍ ഈ കൊട്ടാരം സൗദി അറേബ്യന്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായിരുന്നു. പരേതനായ ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത്, പ്രതിരോധ, വ്യോമയാന മന്ത്രാലയത്തിന്റെ ആസ്ഥാനമായി മാറിയ ശൗബ്ര കൊട്ടാരം പിന്നീട് ഹിജ്‌റ 1408 ല്‍ (1987) പുരാവസ്തുക്കളുടെയും പൈതൃകങ്ങളുടെയും മ്യൂസിയമാക്കി മാറ്റി.
പര്യവേക്ഷണ സംഘം കൊട്ടാരം ചുറ്റിക്കണ്ടു. കൊട്ടാരം ഉജ്വല സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ ആതിഥ്യത്തിലും സല്‍ക്കാരങ്ങളിലും താന്‍ അത്യധികം സന്തുഷ്്ടനാണെന്നും മമാര്‍ക് ഇവാന്‍സ് പറഞ്ഞു.

 

 

 

 

Latest News