പള്ളിമിനാരം മുറിയാക്കി വാടകയ്ക്ക് കൊടുത്തു, ഇമാമുമാർ നടത്തുന്ന ലക്ഷങ്ങളുടെ കൊള്ളകൾ പുറത്തറിയിച്ച് ഒളിക്യാമറ ഓപ്പറേഷൻ

ജിദ്ദ - ചില മസ്ജിദുകളിലെ ഇമാമുമാരും മുഅദ്ദിനുമാരും നടത്തുന്ന വൻ കൊള്ളകൾ വെളിച്ചത്തുകൊണ്ടുവന്ന് അൽഇഖ്ബാരിയ ചാനൽ റിപ്പോർട്ട്. മസ്ജിദുകളോട് ചേർന്ന ഫഌറ്റുകളും മുറികളും വ്യാപാര ആവശ്യത്തിനുള്ള റൂമുകളും രഹസ്യമായി വാടകക്ക് നൽകി ഇവർ ഭീമമായ തുക സമ്പാദിക്കുകയാണ്. മക്ക പ്രവിശ്യയിലെ മസ്ജിദുകളിൽ ഒന്നിനോട് ചേർന്ന് നിർമിച്ച അനിധികൃത താമസസ്ഥലങ്ങൾ വർഷങ്ങളായി ഇമാം വാടകക്ക് നൽകി പണം സ്വന്തം കീശയിലാക്കുകയാണ്. താമസസ്ഥലങ്ങളുടെ വാടക തങ്ങൾ കൃത്യമായി ഇമാമിന് നൽകാറുണ്ടെന്ന് വാടകക്കാർ പറയുന്നു. 
ഈ മസ്ജിദിനോട് ചേർന്നുള്ള ഒമ്പതു ഫഌറ്റുകളാണ് ഇമാം രഹസ്യമായി മറ്റുള്ളവർക്ക് വാടകക്ക് നൽകിയതെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമിക മന്ത്രാലയ ശാഖയിലെ മോണിട്ടറിംഗ്, ഫോളോ-അപ്പ് വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽഹാരിസി പറഞ്ഞു. മസ്ജിദിലെ ടോയ്‌ലെറ്റുകളും അംഗശുദ്ധിവരുത്താനുള്ള സ്ഥലങ്ങളും ഏഴു മുറികളാക്കി മാറ്റിയും ഇമാം വാടകക്ക് നൽകിയിട്ടുണ്ട്. ഈ ഫഌറ്റുകളുടെയും മുറികളുടെയും വൈദ്യുതി, ജല ബില്ലുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ കണക്കിൽ നിന്നാണ് അടക്കുന്നതെന്നും അബ്ദുറഹ്മാൻ അൽഹാരിസി പറഞ്ഞു. 
ഉത്തര ജിദ്ദയിലെ മറ്റൊരു മസ്ജിദിലെ മുറികളും ഇമാം നിയമ വിരുദ്ധമായി വാടകക്ക് നൽകുന്നതായി കണ്ടെത്തി. ഈ ഇമാം സർവകലാശാലാ അധ്യാപകനായ ഡോക്ടറാണ്. ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ ഔദ്യോഗിക ജീവനക്കാരനായി മാറാൻ വിസമ്മതിക്കുന്ന ഇമാം താൻ ദൈവീകപുണ്യം ആഗ്രഹിച്ചാണ് ഇമാമായി സേവനമനുഷ്ഠിക്കുന്നതെന്നാണ് വാദിക്കുന്നതെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖയിലെ ഫീൽഡ് അസൈൻമെന്റ് വിഭാഗം മേധാവി സുലൈമാൻ അൽസൂമാൻ പറഞ്ഞു. ഇങ്ങിനെ വാദിക്കുന്നത് ഉത്തരവാദത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കില്ല. മസ്ജിദിലെ മിനാരം പോലും ഇമാം മുറിയാക്കി മാറ്റി. മസ്ജിദിൽ ഇമാമിന് പ്രവേശിക്കാനുള്ള പ്രത്യേക പ്രവേശന കവാടത്തിന്റെ ഒരു ഭാഗവും ഇമാം മുറിയാക്കി മാറ്റി. ഈ മുറികളെല്ലാം വിദേശികൾക്ക് ഇമാം വാടകക്ക് നൽകി. 


ഇതിനു പുറമെ മസ്ജിദിനു കീഴിലെ മറ്റൊരു റിയൽ എസ്റ്റേറ്റ് യൂനിറ്റ് വിദേശ സ്‌കൂൾ നടത്താനും ഇമാം വാടകക്ക് നൽകി. ഇത്തരം തട്ടിപ്പുകളും കൊള്ളകളും കണ്ടെത്താതിരിക്കാനാണ് മന്ത്രാലയത്തിനു കീഴിലെ ഔദ്യോഗിക ഇമാമായി മാറാൻ ആഗ്രഹിക്കുന്നില്ല എന്ന് ഇമാം പറയുന്നതെന്നും വ്യക്തമാക്കി. അഞ്ചു ലക്ഷം റിയാലിന്റെ കൊള്ളകളാണ് ഈ ഇമാം നടത്തിയത്. കൂടാതെ വൈദ്യുതി ബിൽ ഇനത്തിൽ 30 ലക്ഷത്തിലേറെ റിയാലിന്റെ അധിക ബാധ്യതകളും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് ഇമാം വരുത്തിവെച്ചു. 
മറ്റൊരു മസ്ജിദിനു കീഴിലെ സ്ഥലത്ത് കെട്ടിടം നിർമിച്ച് ഇമാം ലോണ്ട്രിയും രണ്ടു വ്യാപാര സ്ഥാപനങ്ങളുമാക്കി മാറ്റി. ഇതേ തുടർന്ന് മസ്ജിദിന്റെ ജല, വൈദ്യുതി ബിൽ 1,30,000 റിയാലായി. ഇതിന്റെ ഫലമായി മസ്ജിദിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിച്ചു. ഇതോടെ മസ്ജിദിലേക്ക് ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ അജ്ഞാതനായ വിദേശി വഴി ഇമാം സംഭാവനകൾ സമാഹരിച്ചു. മസ്ജിദിനു കീഴിലെ സ്ഥലം ഇദ്ദേഹം നിയമവിരുദ്ധമായി നിക്ഷേപ ലക്ഷ്യങ്ങളോടെ ഉപയോഗപ്പെടുത്തിയതാണ് മസ്ജിദിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ട് പറഞ്ഞു.
 

Tags

Latest News