തൊടുപുഴ- ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യേശുദാസിന്റെ അയല്‍വാസി ഉല്ലാസിനെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. മുട്ടത്തെ ലോഡ്ജില്‍ ജനുവരി 24നാണ് യേശുദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വിഷക്കുപ്പിയുണ്ടായിരുന്നു. അതോടെ ആത്മഹത്യയാണെന്ന് പോലീസ് ആദ്യ കണക്കുകൂട്ടുകയായിരുന്നു. എന്നാല്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതോടെ കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു.
യേശുദാസും ഉല്ലാസും ജനുവരി 19ന് ലോഡ്ജ് മുറിയില്‍ വഴക്കുണ്ടാവുകയും തര്‍ക്കത്തിനിടെ യേശുദാസിന് തലക്ക് മര്‍ദ്ദനമേറ്റതോടെ ഉല്ലാസ് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.