Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ അശ്ലീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു; ഏഴംഗ സംഘം അറസ്റ്റിൽ

ജിദ്ദ - സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ സഭ്യതക്ക് നിരക്കാത്ത നിലയിൽ പ്രത്യക്ഷപ്പെട്ട ഏഴംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ആറു സൗദി യുവാക്കളും നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പാക്കിസ്ഥാനി യുവതിയുമാണ് അറസ്റ്റിലായത്. പൊതുഅഭിരുചി നിയമാവലി ലംഘിച്ച ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി ജിദ്ദ പോലീസ് പറഞ്ഞു.

പൊതുഅഭിരുചി നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ നിയമാവലി മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ വെച്ച് മറ്റുള്ളവരെ ഭീതിപ്പെടുത്തുന്നതോ അവരെ അപകടത്തിലാക്കുന്നതോ ആയ വാക്ക് ഉച്ചരിക്കുന്നതും പ്രവൃത്തി ചെയ്യുന്നതും പൊതുഅഭിരുചി നിയമ ലംഘനമായി നിയമാവലിയിലെ അഞ്ചാം വകുപ്പ് നിർണയിക്കുന്നു. ഇതിന് ആദ്യ തവണ 100 റിയാൽ പിഴ ചുമത്തും. സൗദിയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ വെച്ച് മറ്റുള്ളവർക്ക് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന നിലയിൽ ഉച്ചത്തിൽ സംസാരിച്ചതിന് ഏതാനും പേർക്ക് പിഴകൾ ചുമത്തിയിരുന്നു. 


സൗദിയിലെ പൊതു അഭിരുചി നിയമാവലി സംബന്ധിച്ച വിശദാംശങ്ങൾ:

ബന്ധപ്പെട്ട കക്ഷികളുടെ സമ്മതമില്ലാതെ വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ മറ്റു അപകടങ്ങളോ ചിത്രീകരിക്കുന്നതും സമ്മതം നേടാതെ വ്യക്തികളെ നേരിട്ട് ചിത്രീകരിക്കുന്നതും 1,000 റിയാൽ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. നിയമ ലംഘകരുടെ ഫോണുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാനും നിയമാവലി അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 2,000 റിയാൽ പിഴ ലഭിക്കും.
വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടംചേർന്ന് നിൽക്കുന്നത് പതിവായിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നതിന് കാലതാമസമുണ്ടാക്കും. ക്രിമിനൽ സംഭവങ്ങളുണ്ടാകുമ്പോഴും ഇതു തന്നെയാണ് സ്ഥിതി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ച് വാഹനാപകടങ്ങളും ക്രിമിനൽ സംഭവങ്ങളും ആളുകൾ ചിത്രീകരിക്കുന്നത് സംഗതി കൂടുതൽ വഷളാക്കുന്നു. ഇത്തരം പ്രവണതകൾക്ക് തടയിടാൻ ശ്രമിച്ചാണ് പൊതുഅഭിരുചി സംരക്ഷണ നിയമാവലിയിൽ ഭേദഗതികൾ വരുത്തി ഇത്തരം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും ഉൾപ്പെടുത്തിയിരിക്കുന്നത്.
പുരുഷന്മാർ ഷോർട്‌സ് ധരിച്ച് മസ്ജിദുകളിലും സർക്കാർ ഓഫീസുകളിലും പ്രവേശിക്കുന്നതും പിഴ ലഭിക്കുന്ന നിയമ ലംഘനമായി നിയമാവലിയിൽ ഉൾപ്പെടുത്തി. ഇത്തരം നിയമ ലംഘനങ്ങൾക്ക് 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴയാണ് ലഭിക്കുക. നേരത്തെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയിൽ 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് ഉൾപ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സർക്കാർ ഓഫീസുകളിലും ഷോർട്‌സ് ധരിച്ച് പ്രവേശിക്കുന്നത് കൂടി ഉൾപ്പെടുത്തിയതോടെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയിൽ അടങ്ങിയ നിയമ ലംഘനങ്ങൾ 20 ആയി.
മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽവന്നത്. നിയമാവലിയിൽ നിർണയിച്ച നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കൽ, അസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച് പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.
 

Latest News