Sorry, you need to enable JavaScript to visit this website.

ഡോക്യുമെന്ററി വിവാദത്തിന്റെ രാഷ്ട്രീയം

ബി.ബി.സി നിർമിച്ച ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുക തന്നെയാണ്. രണ്ടു ഭാഗങ്ങളായി തയാറാക്കിയ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രധാനമായും ഗുജറാത്ത് വംശഹത്യയെ കേന്ദ്രീകരിച്ചാണ്. രണ്ടാം ഭാഗമാകട്ടെ മോഡി അധികാരത്തിലെത്തിയ ശേഷം നടന്ന പൗരത്വ ഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ബീഫിന്റെ പേരിലുള്ള വംശീയ കൊലകൾ തുടങ്ങിയ സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ചതാണ്. രാഷ്ട്രീയം ഗൗരവമായി വീക്ഷിക്കുന്നവർക്ക് ഇതൊന്നും പുതുമയുള്ള വിഷയങ്ങളല്ല. ഇവയൊക്കെയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകളും പുസ്തകങ്ങളും ഡോക്യുമെന്ററികളുമെല്ലാം ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തെ കുറിച്ച് ഈ ഡോക്യുമെന്ററിയേക്കാൾ എത്രയോ മികച്ച ഡോക്യുമെന്ററികൾ ആനന്ദ് പട്‌വർധനും മറ്റും നിർമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിൽ ഐതിഹാസികമായ പോരാട്ടം തന്നെ നമ്മുടെ തെരുവുകളിലും കാമ്പസുകളിലും നടന്നിട്ടുണ്ട്. 
തീർച്ചയായും ബി.ബി.സി നിർമിച്ചു എന്നതു തന്നെയാണ് ഈ ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നത്. അതിനാൽ തന്നെ ലോകം മുഴുവൻ വ്യാപകമായി ഇതു പ്രചരിക്കപ്പെടുമെന്നുറപ്പ്. ജി20 അധ്യക്ഷ പദവി ഏറ്റെടുക്കുകയും സ്വയം ലോക ഗുരുവായി ചമയുകയും ചെയ്യുന്ന മോഡിക്ക് ആേഗാള തലത്തിൽ ഈ ഡോക്യുമെന്ററി മോശം പ്രതിഛായ നൽകുമെന്നതിൽ സംശയമില്ല. ഇന്ത്യയിൽ എന്തു നടക്കുന്നു എന്നു ലോകമറിയും. അതറിയുക തന്നെ വേണം. കാരണം സുതാര്യതയാണ് ആധുനിക കാലത്തിന്റെ മുഖമുദ്ര. അല്ലെങ്കിൽ അതങ്ങനെ ആകണം. ലോകം വിരൽത്തുമ്പിലൊതുങ്ങുന്ന ഇക്കാലത്ത് ഒന്നും അധികകാലം മറച്ചുവെക്കാനാകുമെന്നു കരുതുന്നതു തന്നെ വങ്കത്തമാണ്. അതേസമയം ഇതിന്റെ പ്രദർശനം നിരോധിച്ചിട്ടുമില്ല. ഒരു രാജ്യത്ത് നിരോധിച്ചാൽ പോലും കാണുന്നത് തടയാനാകാത്ത വിധം സാങ്കേതിക വിദ്യകൾ വളർന്ന കാലത്താണ് പ്രദർശനം നിരോധിക്കാതെ സാമൂഹ്യ മാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിലക്കില്ലാത്തതിനാൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നവരെ പല രീതിയിലും തടയുന്നു. പ്രതിഷേധ മാർച്ചും അറസ്റ്റും മുതൽ വൈദ്യുതി വിഛേദിച്ചുപോലും പ്രദർശനം തടയുന്നു. എന്തായിരിക്കാം ഇതിന്റെ ലക്ഷ്യം എന്നു ചോദിച്ചാൽ കിട്ടുന്ന മറുപടി ഇതായിരിക്കും - ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഒരു വിവാദം സൃഷ്ടിക്കാൻ സംഘ്പരിവാറും കേന്ദ്ര സർക്കാരും ആഗ്രഹിക്കുന്നു. 
തീർച്ചയായും ഒറ്റ കേൾവിയിൽ ശരിയല്ലെന്നു തോന്നുന്ന നിഗമനം. 20 വർഷം മുന്നെ സംഭവിച്ച ഗുജറാത്ത് വംശഹത്യ വീണ്ടും ചർച്ചയിലേക്ക് വരുന്നത് സംഘപരിവാറിനു ക്ഷീണമല്ലേ ഉണ്ടാക്കുക എന്നാണല്ലോ സാമാന്യമായും ആരും ചിന്തിക്കുക. 
അതിനാൽ തന്നെ കാര്യമായ ചർച്ചയാകാത്ത വിധം അതിനെ അവഗണിക്കാനല്ലേ സർക്കാർ ശ്രമിക്കുക.. പകരം ഇത്തരത്തിൽ ഒരു വിവാദമുണ്ടാക്കാനല്ലല്ലോ ശ്രമിക്കുക എന്നു തന്നെയാണ് പൊതുവിൽ ആരും ചിന്തിക്കുക. അതിനാൽ തന്നെ പരമാവധി മേഖലകളിൽ ചിത്രം പ്രദർശിപ്പിച്ചും അനുമതി നിഷേധിച്ചാൽ പ്രതിഷേധിച്ചും വംശീയഹത്യയുടെ ഓർമകളെ തിരിച്ചു കൊണ്ടുവരണമെന്നും ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും സംഘപരിവാറിനു അതു ദോഷം ചെയ്യുമെന്നാണ് എവിടെയും കേൾക്കുന്ന വാദഗതി. 
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രമെടുത്താൽ ഏതൊരു രാഷ്ട്രീയ സാഹചര്യത്തെയും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഏറ്റവും (കു)ബുദ്ധി കാണിക്കുന്നത് സംഘ്്പരിവാറാണെന്നതിൽ ആരും തർക്കിക്കാനിടയില്ലല്ലോ. 
അപ്പോൾ സ്വാഭാവികമായി ഉയരുന്ന സംശയം തെരഞ്ഞെടുപ്പുകൾ ആസന്നമാകുന്ന വേളയിൽ കൂട്ടക്കൊലകളും മറ്റും വീണ്ടും ചർച്ചാവിഷയമാകുന്നത് സംഘപരിവാറിനു ദോഷമല്ലേ ചെയ്യുക എന്നതാണ്. അല്ല എന്നു തന്നെയാണ് ഉത്തരം. 
അതിനു തെളിവ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രം തന്നെ. മുസ്‌ലിം വിഭാഗങ്ങളെ ടാർഗറ്റ് ചെയ്തു നടത്തിയ അദ്വാനിയുടെ രഥയാത്ര, ബാബ്‌രി മസ്ജിദ് തകർക്കൽ, മുംബൈ, ഗുജറാത്ത്, കാണ്ടമാൽ, മുസാഫർ നഗർ തുടങ്ങി നിരവധി മേഖലകളിലെ വംശീയ ഹത്യകൾ, എഴുത്തുകാരെയും ചിന്തകരെയും കൊന്നുകളയൽ, അംബേദ്കറൈറ്റുകളടക്കമുള്ളവരെ തീവ്രവാദ ചാപ്പ കുത്തി ഭീകര നിയമങ്ങളുപയോഗിച്ച് തുറുങ്കിലടക്കൽ, ശ്രീറാം വിളിയുടെയും പശുവിന്റെയും പേരിലുള്ള കൊലകൾ, വിദ്യാഭ്യാസ - സാംസ്‌കാരിക - ചരിത്ര സ്ഥാപനങ്ങൾ പിടിച്ചെടുക്കൽ, ചരിത്രവും സിലബസും മാറ്റിയെഴുതൽ തുടങ്ങിയ നടപടികളെല്ലാം സംഘപരിവാറിന് തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെ തന്നെ അധികാരത്തിലെത്താൻ സഹായിക്കുകയാണോ, അതോ തിരിച്ചാണോ ചെയ്തത് എന്നു പരിശോധിച്ചാൽ ഇതിനുള്ള മറുപടി കിട്ടും. 
വാസ്തവത്തിൽ ഇതിൽ ഒരത്ഭുതവുമില്ല. സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും അവരുടെ ലക്ഷ്യവും എന്താണ് എന്നു പറിശോധിച്ചാൽ മാത്രം മതിയല്ലോ. 
മറ്റൊരു പ്രധാന വിഷയം കൂടി ഇതോടൊപ്പം പരാമർശിക്കേണ്ടതുണ്ട്. വെറുപ്പിനും ഭിന്നിപ്പിനുമെതിരെ സ്‌നേഹത്തിന്റെയും ഒന്നിപ്പിക്കലിന്റെയും സന്ദേശമുയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വൻ ചലനങ്ങളാണ് അത് രാജ്യത്തുടനീളം സൃഷ്ടിക്കുന്നത് എന്നതിൽ സംശയമില്ല. ജാഥയിൽ പങ്കാളികളാകുന്നവരുടെ എണ്ണം തന്നെ സംഘപരിവാറിനെ ഞെട്ടിക്കുന്നതാണ്. ഹിമാചലിലെ നിയമസഭ തെരഞ്ഞെടുപ്പുഫലം നൽകുന്നതാകട്ടെ ശുഭപ്രതീക്ഷയാണ്. ഈ സാഹചര്യത്തിൽ ജോഡോ യാത്രയെ അപ്രധാനമാക്കുക എന്ന ലക്ഷ്യവും സംഘപരിവാറിനുണ്ട് എന്നു വേണം കരുതാൻ. എന്നാൽ അതുകൊണ്ടൊന്നും ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും തകരുമെന്നു കരുതുക വയ്യ. അനന്തമായ വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ, അവയെയെല്ലാം ഇല്ലാതാക്കി സവർണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനാവുമെന്ന ലക്ഷ്യം നേടുക എന്നത്   എളുപ്പമാകില്ല. നമ്മുടെ അതിശക്തമായ ഭരണഘടനയും ഇന്നും ഇന്ത്യൻ സമൂഹത്തെ പല രീതിയിലും സ്വാധീനിക്കുന്ന ഗാന്ധിയൻ - അംബേദ്കർ - ലോഹ്യ - മാർക്‌സ് - നെഹ്‌റുവിയൻ ചിന്തകളെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി അവരുടെയെല്ലാം സ്ഥാനത്ത് സവർക്കറെ പ്രതിഷ്ഠിക്കാമെന്നു കരുതുന്നതും ഭഗീരഥയത്‌നമായിരിക്കും. 
പക്ഷേ അദ്വാനി തുടക്കമിട്ട ഈ രഥയാത്രയെ തടയാൻ ലാലുപ്രസാദ് യാദവുമാർ അനിവാര്യമാണ്. ഇനിയും പ്രതിപക്ഷ കക്ഷികളെല്ലാം ഐക്യപ്പെട്ടാൽ നേടാവുന്ന ലക്ഷ്യം മാത്രമാണത്. ആ ദിശയിലുള്ള നീക്കങ്ങൾ രാഹുലിന്റെയും മറ്റു പല പ്രതിപക്ഷ - പ്രാദേശിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്നുമുണ്ട്. ഈ അപകടം തിരിച്ചറിഞ്ഞു തന്നെയാണ് സംഘപരിവാറും പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നു വേണം കരുതാൻ.

Latest News