റിയാദ് കേളി കലണ്ടർ-2023 പ്രകാശനം ചെയ്തു

റിയാദ് കേളി കലണ്ടർ അസാഫ് ബിൽഡിംഗ് മെറ്റീരിയൽസ് എം.ഡി പ്രസാദ് വഞ്ചിപ്പുര പ്രകാശനം ചെയ്യുന്നു.

റിയാദ്- കേളി കലാ സാംസ്‌കാരിക വേദി 2023 ലെ കലണ്ടർ പ്രകാശനം ചെയ്തു. കേളി ദിനത്തോടനുബന്ധിച്ചു നടന്ന കലണ്ടർ പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. അസാഫ് ബിൽഡിംഗ് മെറ്റീരിയൽസ് പ്രതിനിധി ഷാജി അൻസിൽ, അൽ കൊബ്ലാൻ തെർമോ പൈപ്പ് മാർക്കറ്റിംഗ് മാനേജർ സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിൽ അസാഫ് ബിൽഡിംഗ് മെറ്റീരിയൽസ് എം.ഡി പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം ചെയ്തു. ലോക കേരളാസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം സാദിഖ്, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് പുറമേ റിയാദിലെ സാമൂഹ്യ, രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 
തുടർച്ചയായി കഴിഞ്ഞ അഞ്ചു വർഷവും അൽ കൊബ്ലാൻ തെർമോ പൈപ്‌സും അസാഫ് ബിൽഡിംഗ് മെറ്റീരിയൽസും സംയുക്തമായാണ് കേളിയുടെ കലണ്ടർ പുറത്തിറക്കുന്നത്. ഇന്ത്യൻ എംബസി, പ്രവാസികൾ ഇടപെടുന്ന സൗദിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ, റിയാദിലെ ആശുപത്രികൾ, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മലയാള മാധ്യമ സ്ഥാപനങ്ങൾ, നോർക്ക വകുപ്പ്, കേരള മന്ത്രിസഭ എന്നിങ്ങനെ ഒരു പ്രവാസിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് കേളി കലണ്ടർ.  
കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചതും ഈ വർഷം നടപ്പിലാക്കുന്നതുമായ പൊതിച്ചോർ വിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഭവന പദ്ധതികളുടെയും വിവരങ്ങൾ കലണ്ടറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കേളി സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ കലണ്ടർ ഡിസൈനിംഗിനും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

Tags

Latest News