റിയാദ്- പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ പ്രൊവിൻസ് റിപ്പബ്ലിക്ദിന പരിപാടി സംഘടിപ്പിച്ചു. റിയാദിലെ മലസ് 'മസാല സോൺ' റെസ്റ്റോറന്റിൽ ചേർന്ന ആഘോഷ പരിപാടിയിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് സലീം മാഹി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുവാനും മത സ്വാതന്ത്ര്യവുംപൗരാവകാശങ്ങളും ഉറപ്പു നൽകുന്ന ഭരണഘടന തകർക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ ചെറുത്ത് തോൽപിക്കുവാനും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ആഹ്വാനം ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ജാതിമത കോർപറേറ്റ് നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരും നിലനിൽപ്പിനെ ഭയന്ന് ഡോക്യുമെന്ററിയെ കുറിച്ച് ചർച്ച പോലും ചെയ്യാൻ തയാറാകാതിരുന്ന ചാനലുകളും നിരാശയുണ്ടാക്കുന്നു. എന്നാൽ നവമാധ്യമങ്ങളിലൂടെ ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് മലയാളം മിത്രം ഓൺലൈൻ എഡിറ്റർ ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു.
നാടിന്റെ ഫെഡറൽ സംവിധാനത്തെയും പൗര സ്വാതന്ത്ര്യത്തെയും തകർക്കുന്ന കരിനിയമങ്ങളും നിലപാടുകളും ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ജി.എസ്.ടി, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, സർവകലാശാലകൾ എന്നീ കാര്യങ്ങളിൽ ഇത് വ്യക്തമാണെന്നും സാമൂഹിക പ്രവർത്തകൻ ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. സർക്കാരും ഉദ്യോഗസ്ഥ വൃന്ദവും ഒത്തുചേർന്ന ക്രോണിക് ക്യാപിറ്റലിസമാണ് രാജ്യം നേരിടുന്ന പ്രധാന ഭീഷണിയെന്ന് കെ.എം.സി.സി പ്രതിനിധി ഷാഫി കരുവാരകുണ്ട് പറഞ്ഞു.
കൃത്രിമമായ ഇമേജിലൂടെ പടുത്തുയർത്തിയപ്രതിലോമ രാഷ്ട്രീയത്തിന്റെമുഖംമൂടികൾ വലിച്ചു കീറുവാനും ഭയത്തിന്റെയും വെറുപ്പിന്റെയും ഭാഷയെ സർഗാത്മക രാഷ്ട്രീയം കൊണ്ട് നേരിടണമെന്നും പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ഖലീൽ പാലോട് പറഞ്ഞു. സ്നേഹവും സൗഹാർദവും വളർത്താൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രവാസി ഈസ്റ്റ് മേഖല സെക്രട്ടറി സിദ്ദീഖ് ആലുവ ഭരണഘടനയുടെ ആമുഖം വായിച്ചു. സി.സി അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ഷഹ്ദാൻ നന്ദിയും പറഞ്ഞു.
അഷ്ഫാഖ് കക്കോടി, അസീസ് വെള്ളില എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






