ദമാം- റവന്യൂ മന്ത്രി കെ.രാജനും ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി സുനീറിനും ദമാമിൽ നവയുഗം സ്വീകരണം നൽകി. നവയുഗം സാംസ്കാരിക വേദിയുടെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് ഏറ്റുവാങ്ങാനും, 'നവയുഗസന്ധ്യ 2 കെ.22 ൽ പങ്കെടുക്കാനുമായി ദമാമിൽ എത്തിച്ചേർന്ന കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി ദമാം എയർപോർട്ടിൽ ബൊക്കെ നൽകി സ്വീകരിച്ചു.
നവയുഗം കേന്ദ്ര നേതാക്കളായ എം.എ വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ലത്തീഫ് മൈനാഗപ്പള്ളി, ഗോപകുമാർ, ബിജു വർക്കി, നിസ്സാം കൊല്ലം, സനു മഠത്തിൽ, ശരണ്യ ഷിബു, അനീഷ കലാം, ബിനു കുഞ്ഞു, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി എന്നിവരും നവയുഗം പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.
ദമാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം, വിവിധ സംഘടനാ പ്രതിനിധികളുമായും, സാമൂഹ്യ പ്രവർത്തകരുമായും, മാധ്യമ പ്രവർത്തകരുമായും, പ്രവാസി തൊഴിലാളികളുമായും കെ.രാജൻ കൂടിക്കാഴ്ച നടത്തും. ദമാമിലെ ഇന്ത്യൻ സ്കൂളുകളും, തൊഴിലാളി ക്യാമ്പുകളും സന്ദർശിയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങിപ്പോകും.
നവയുഗ സന്ധ്യയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പി.പി സുനീറും ദമാമിൽ എത്തിച്ചേർന്നു. ബഹ്റൈനിൽ നിന്നും കരമാർഗമാണ് അദ്ദേഹം ദമാമിൽ എത്തിയത്. നവയുഗം കേന്ദ്ര കമ്മിറ്റി നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 'നവയുഗസന്ധ്യ 2കെ22 ക്ക് പുറമെ വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന പി.പി സുനീർ ശനിയാഴ്ച രാത്രിയോടെ കേരളത്തിലേയ്ക്ക് മടങ്ങും.






