തുറൈഫ്- പെൺകുട്ടികൾ ഉൾപ്പെടെ യൂനിവേഴ്സിറ്റി വിദ്യാർഥികൾ വ്യാപകമായി മയക്കുമരുന്നുകൾക്ക് അടിമകളായതോടെ ബോധവൽക്കരണം ശക്തമാക്കി യൂനിവേഴ്സിറ്റി അധികൃതർ. പുകവലിക്കും ഇതര മയക്കു ഗുളികകൾക്കും അടിമകളായ വിദ്യാർഥികൾക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തി.
ലഹരി പദാർഥങ്ങളുടെ അപകടത്തെ കുറിച്ച് കോളേജ് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
നോർത്തേൺ സർവകലാശാല വിദ്യാർഥികൾക്കാണ് 'ലഹരി വസ്തുക്കൾ ബുദ്ധിയിലും ശാരീരിക ക്ഷമതയിലും ഉണ്ടാക്കുന്ന അപകടങ്ങൾ' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. സൗദി ആന്റി നാർകോട്ടിക് സെല്ലും നോർത്തേൺ യൂനിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ.മുഖ്ബിൽ ആയിദും ഡോ.ബദ്ർ ഹുമൂദും ക്ലാസുകൾ അവതരിപ്പിച്ചു.
ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് ബുദ്ധിയും സമ്പത്തും ജീവിതവും കുടുംബവും ജോലിയും തകർന്നത് ഉൾപ്പെടെ വിവരിക്കുന്നതും, കൂടാതെ ചെറിയ ലഹരി മുതൽ മയക്കുമരുന്നുകൾ ഉൾപ്പെടെ മനുഷ്യ ബുദ്ധിയെ എങ്ങനെ നശിപ്പിക്കുന്നു എന്നും വിവരിക്കുന്ന ഫിലിം പ്രദർശനവും നടന്നു. യൂനിവേഴ്സിറ്റിയിലെ നല്ലൊരു ശതമാനം കൗമാരക്കാർ പുകവലിക്കും ഇതര മയക്കു ഗുളികകൾക്കും അടിമകളാണ്.
സ്ത്രീകളിൽ പോലും മയക്കുമരുന്നുകൾക്ക് അടിമകളായവർ നിരവധിയാണ്. ചെറുതല്ലാത്ത ശതമാനം വിദ്യാർഥികൾ വ്യത്യസ്തയിനം ലഹരിക്ക് അടിമകളാണ്. നിരന്തരമായ ബോധവൽക്കരണം കാരണം കുറഞ്ഞു വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തുറൈഫിൽ അൽ റാജ്ഹി കമ്പനി വകയായി ലഹരിയിൽ നിന്നുള്ള മോചനത്തിന് വിദ്യാർഥികൾക്ക് പ്രത്യേക ചികിത്സയും നൽകി വരുന്നുണ്ട്.






