മക്ക- മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ് പൊരുതുകയാണെന്ന് അഡ്വ. ബി.ആർ.എം ഷഫീർ. മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി രാജ്യത്തിനു സ്വാതന്ത്ര്യം നേടിയെടുത്ത കോൺഗ്രസ് ലോകത്തെ ഏറ്റവും വലിയ മതേതരരാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഇപ്പോൾ ആ മതേതരരാജ്യം വീണ്ടെടുക്കാൻ കോൺഗ്രസ് പട പൊരുതുകയാണ് എന്ന് ബി.ആർ.എം ഷഫീർ മക്കയിൽ അഭിപ്രായപ്പെട്ടു.
മക്കയിലെത്തി ഉംറ നിർവഹിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മക്ക ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം മക്ക യു.ഡി.എഫ് ചെയർമാൻ കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. മുജീബ് പൂക്കോട്ടൂർ (കെ.എം.സി.സി), നിസ നിസാം (ഒ.ഐ.സി.സി വനിതാ വിംഗ്), സാക്കിർ കൊടുവള്ളി, ബഷീർ മാമാങ്കര (എസ്.ഐ.സി), ഷാനവാസ് കോട്ടയം (പ്രവാസി വെൽഫെയർ), മുസ്തഫ മലയിൽ (എം.എൻ.എഫ്), ഇഖ്ബാൽ ഗബ്ഗൽ (എം.ജി.ടി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി ചുനക്കര സ്വാഗതം ആശംസിക്കുകയും റഷീദ് ബിൻസാഗർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.






