- എം.എൽ.എ പാർട്ടി വിട്ടത് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി
അഗർത്തല - ത്രിപുരയിൽ അധികാരം തിരിച്ചുപിടിക്കാൻ സർവ്വ സന്നാഹങ്ങളുമായി സി.പി.എം കരുക്കൾ നീക്കവെ സി.പി.എം എം.എൽ.എ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉനകോട്ടി ജില്ലയിലെ കൈലാഷഹർ അസംബ്ലി മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എയും സി.പി.എം നേതാവുമായ മൊബോഷർ അലിയാണ് ഭരണകക്ഷിയായ ബി.ജെ.പിയോടൊപ്പം ചേർന്നത്.
അടുത്തമാസം 16നാണ് ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പ്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സി.പി.എമ്മും കോൺഗ്രസും പരസ്പരം ധാരണയിലെത്തി (43:13) സീറ്റ് പങ്കുവെച്ചാണ് ഇവിടെ മത്സരിക്കുന്നത്. ഇതനുസരിച്ച് മൊബോഷർ അലിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ബിരജിത് സിൻഹയാണ് മത്സരിക്കുക. ഇതാണ് സിറ്റിംഗ് എം.എൽ.എയുടെ സംഘപരിവാർ പാളയത്തിലേക്കുള്ള മനംമാറ്റത്തിന് കാരണമായത്.
മൊബോഷർ അലി ബി.ജെ.പിയിൽ ചേരുന്നുവെന്ന കാര്യം കേട്ടിരുന്നുവെന്നും വാർത്ത സത്യമാണെന്നും സി.പി.എം ത്രിപുര ഘടകം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തവണ അലിക്ക് സീറ്റ് നൽകാൻ ഞങ്ങൾക്കായില്ല എന്നത് ശരിയാണ്. പക്ഷേ, ഇത്തരമൊരുനീക്കം പ്രതീക്ഷിച്ചില്ല. സി.പി.എമ്മിന്റെ സജീവ നേതാവായിരുന്ന മൊബോഷർ അലിയുടെ ബി.ജെ.പിയിലേക്കുള്ള പോക്ക് ദൗർഭാഗ്യകരമാണ്. മൊബോഷർ പാർട്ടി വിട്ടത് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഞങ്ങൾ കോൺഗ്രസുമായി സീറ്റ് നീക്കുപോക്കിലാണെന്നും മൊബോഷറുമായി കൂടിയാലോചിച്ച ശേഷമാണ് ഈ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി വ്യക്തമാക്കി.