ജിദ്ദ- വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം ഉത്സവാന്തരീക്ഷത്തിൽ അൽ അബീർ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്രിസ്മസ് കരോൾ അടക്കം വ്യത്യസ്തമായ കാലപ്രകടനങ്ങളാൽ സമ്പുഷ്ടമായ പരിപാടി മീഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞു ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. ഉണ്ണി തെക്കെടത്തു സ്വാഗതവും സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു.

യൂനസ് കോട്ടൂർ, ആൻഡ്രിയ ഷിബു തുടങ്ങിയവർ ക്രിസ്മസ് പുതുവത്സര സന്ദേശങ്ങൾ നൽകി. ഷയാൻ റിയാസ്, കൃതിക രാജിവ്, വിജിഷ ഹരീഷ്, ജാൻസി മോഹൻ, ജോബി തെരക്കത്ത് തുടങ്ങിയവർ അണിയിച്ചൊരുക്കിയ നൃത്ത സംഗീത പരിപാടികൾ സദസ്സിനെ പിടിച്ചിരുത്തി. സുശീല ജോസഫ് ഒരുക്കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌ക്കാരം സദസ്സിന് നവ്യാനുഭൂതിയായി.

ബാലവേദിയുടെ മുപ്പത്തഞ്ചിൽപ്പരം കുട്ടികളും വനിതാവേദിയുടെ 20 ലധികം വനിതകളും അടക്കം എഴുപതോളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഷയാൻ റിയാസ്, ശ്രീനന്ദ സന്തോഷ് എന്നിവർ അവതാരകരായി. മോഹൻ ബാലൻ, ശ്രീജിത്ത് ഭാസ്‌കർ, വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, നൗഷാദ് കാളികാവ് റുബി സമീർ, പ്രിയ സന്ദീപ്, സോഫിയ ബഷീർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.






