Sorry, you need to enable JavaScript to visit this website.

തിങ്കളാഴ്ച ഉച്ചക്ക് സൂര്യൻ കഅ്ബാലയത്തിനു നേർ മുകളിൽ വരും

മക്ക- അടുത്ത തിങ്കളാഴ്ച ഉച്ചക്ക് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിനു നേർ മുകളിൽ വരുമെന്ന് ഗോളശാസ്ത്ര ഗവേഷകനും അറബ് യൂനിയൻ ഫോർ ആസ്‌ട്രോണമി ആന്റ് സ്‌പേയ്‌സ് അംഗവുമായ മുൽഹിം ഹിന്ദി പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ദുഹ്ർ ബാങ്ക് സമയത്ത് 12.18 ന് ആണ് സൂര്യൻ കഅ്ബാലയത്തിനു നേർ മുകളിൽ വരിക. ഈ സമയത്ത് കഅ്ബാലയത്തിനും മക്കയിലെ കെട്ടിടങ്ങൾക്കും നിഴലുണ്ടാകില്ല. ഈ നേരം ലോകത്തെവിടെ നിന്നും സൂര്യനെ കാണുന്നവർക്ക് ഖിബ്‌ലയുടെ ദിശ കൃത്യമായി നിർണയിക്കുന്നതിന് എളുപ്പത്തിൽ സാധിക്കും. സൂര്യനിലേക്ക് നേരിട്ട് നോക്കുന്നതു മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് ആ സമയത്തെ നിഴൽ നോക്കി ഖിബ്‌ലയുടെ ദിശ നിർണയിക്കാവുന്നതാണ്. നിഴലിന്റെ ദിശയുടെ നേർ എതിർ ഭാഗത്തായിരിക്കും ഖിബ്‌ല. ഖിബ്‌ലയുടെ ദിശ നിർണയിക്കുന്നതിനുള്ള ഏറ്റവും കൃത്യവും എളുപ്പവുമാർന്ന മാർഗമാണിത്. എല്ലാ വർഷവും മെയ് 28 നും ജൂലൈ 16 നും ആയി രണ്ടു തവണയാണ് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിനു നേർ മുകളിൽ വരികയെന്നും മുൽഹിം ഹിന്ദി പറഞ്ഞു. 
 

Latest News