Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

ഗോദക്ക് പുറത്തെ കണ്ണീർ

വിനേഷ് ഫോഗട്ട്

ഗോദയിൽ വിയർപ്പൊഴുക്കിയ ഗുസ്തിതാരങ്ങൾ, ഏറെ മെഡൽ നേട്ടങ്ങൾക്കിടയിലും കണ്ണീരൊഴുക്കുകയാണ്. ഞെട്ടിക്കുന്ന സത്യങ്ങൾ വിളിച്ചുപറഞ്ഞിട്ടും അവരുടെ നേരെ സർക്കാർ കണ്ണ് തുറന്നില്ല. കായിക സംഘടനകളെയാകെ നിയന്ത്രിക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ മനസ്സ് അത്രവേഗം അലിയുന്നതല്ല. തൊഴിൽ രംഗത്തെ പീഡനം ഗുസ്തിതാരങ്ങളുടെ മാത്രം ആവലാതിയുമല്ല. എല്ലാം അറിയാമായിരുന്നിട്ടും ഒന്നും മാറുന്നില്ല എന്നതാണ് സ്ഥിതി.

 


അഭൂതപൂർവമായ കാഴ്ചയായിരുന്നു അത്. രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ,  ഒളിംപിക്‌സ് ജേതാക്കൾ, ഗുസ്തിയിലെ ആദ്യ കുടുംബമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അംഗങ്ങൾ, മഹത്വത്തിന്റെ നെറുകയിൽ നിൽക്കുന്നവർ, ഇരുന്നൂറോളം പുരുഷന്മാരും സ്ത്രീകളും തണുത്തുറഞ്ഞ ദൽഹി തെരുവിൽ പ്രതിഷേധിക്കുന്നു. കളിക്കളത്തിൽ അഭിമുഖീകരിച്ചതിനേക്കാൾ വലിയ വെല്ലുവിളി ആയിരുന്നു അത്.

ഇന്ത്യൻ കായികരംഗത്തെ ഏറ്റവും വലിയ മി ടൂ വിവാദത്തിൽ കണ്ണു തുറക്കേണ്ട സർക്കാർ പക്ഷേ കണ്ണുരുട്ടി.  ക്രിമിനൽ റെക്കോർഡുള്ള ബി.ജെ.പി എം.പി കൂടിയായ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ സരൺ സിംഗ് ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിട്ടപ്പോൾ ഒരു ഗുസ്തിക്കാരനെ തല്ലുക പോലും ചെയ്തു. നമ്മുടെ രാജ്യത്തെ അത്‌ലറ്റുകൾ, പ്രത്യേകിച്ച് ക്രിക്കറ്റ് ഇതര മേഖലയിലുള്ളവർ, ഇന്ത്യൻ കായികരംഗത്തെ ആധിപത്യത്തിന് പോരാടുന്ന അധികാര രാഷ്ട്രീയക്കാരുടെ കാരുണ്യത്തിലാണ് എന്നതിന് ഇനിയും തെളിവുകൾ വേണ്ടതില്ല.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, രവി ധയ്യ തുടങ്ങി ഇന്ത്യൻ കായികരംഗത്തെ പ്രമുഖരായ ചിലർ  മുമ്പെങ്ങുമില്ലാത്തവിധം പരിശീലനം ഉപേക്ഷിച്ചു. ലൈംഗികാതിക്രമ സംഭവങ്ങളോട് സഹിഷ്ണുത കാണിക്കാൻ പാടില്ലാത്ത നിയമവ്യവസ്ഥ നിലനിൽക്കുന്ന നാട്ടിൽ താരങ്ങളുടെ പരാതിയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ അരങ്ങേറി. എം.പിക്കെതിരായ ഏത് നടപടിക്കെതിരെയും പ്രതിരോധ സംഘങ്ങൾ നിരന്നു. സ്ത്രീ ശാക്തീകരണമെന്നത് അധര വ്യായാമം മാത്രമാകരുത് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന സംഭവ വികാസങ്ങൾ.
ഏത് സമയത്താണ് നമ്മളിത് പറയുന്നത്? ഇനി മതിയാക്കാം. തങ്ങളുടെ വിയർപ്പും കണ്ണീരും ചിലപ്പോഴൊക്കെ തുഛമായ വരുമാനവും മുടക്കി രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ കായിക താരങ്ങളാണിവർ. അവർ അവരുടെ ഗുസ്തിത്തറകളിൽ പരിശീലനം നടത്തേണ്ടതായിരുന്നു. പകരം, അവർ തങ്ങളുടെ ആത്മാഭിമാനത്തിനായി തെരുവിൽ നിലവിളിച്ചു. അവരെ സംരക്ഷിക്കേണ്ട ആളുകൾ തന്നെ അത് ലംഘിക്കുമ്പോൾ രാഷ്ട്രീയക്കാർക്ക് അവരുടെ മെഡൽ പ്രതാപത്തിൽ മുഴുകാൻ എന്താണ് അവകാശം? ഈ ഗുസ്തിക്കാർ തീർച്ചയായും മെഡലുകൾ നേടും. ആ വിജയങ്ങളിൽ പങ്കാളിയാകാൻ, അവകാശപ്പെടാൻ ഈ രാഷ്ട്രീയക്കാരും നാണമില്ലാതെ ഒപ്പം ചേരും.

ഇന്ത്യൻ കായികരംഗത്തെ ഏറ്റവും മോശമായ രഹസ്യമാണിത്. രാഷ്ട്രീയ യജമാനന്മാരും നഗ്‌നമായ സ്ത്രീവിരുദ്ധതയും രാജ്യത്തെ കായികരംഗം ഇനിയും ഈ വൃത്തികെട്ട കളികളിൽ മുഴുകുമെന്ന് ഉറപ്പാക്കുന്നു. മുൻ ഹോക്കി ക്യാപ്റ്റൻ സന്ദീപ് സിംഗിനെ നോക്കൂ, ഇപ്പോൾ ഹരിയാന കായിക മന്ത്രി, ഒരു ജൂനിയർ കോച്ചിന്റെ ലൈംഗികാരോപണം നേരിടുന്നയാൾ സർക്കാരിന്റെ പിന്തുണയോടെ ഇപ്പോഴും മന്ത്രിയായി തുടരുന്നു. സ്വന്തം കരിയറിൽ ഒരുപക്ഷേ ഇതെല്ലാം കണ്ട ഒരു മുൻ കളിക്കാരൻ അതേ പാതയിൽ തന്നെ നീങ്ങുന്നത് എത്രമാത്രം ലജ്ജാകരമാണ്.

തെരുവു ക്രിക്കറ്റ് പോലും കളിക്കുകയോ റാക്കറ്റ് ഉയർത്തുകയോ ചെയ്തിട്ടില്ലാത്ത രാഷ്ട്രീയക്കാരാണ് ഇന്ത്യൻ കായികരംഗത്തെ നയിക്കുന്നത്. പതിറ്റാണ്ടുകളായി സ്‌പോർട്‌സ് ഫെഡറേഷനുകൾ അവരുടെ ആധിപത്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു. സ്‌പോർട്‌സിനെ അടുത്തറിയുന്നവരെ മാറ്റിനിർത്തുന്നു. കഴിഞ്ഞ വർഷം, ഫുട്‌ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ബൈചുങ് ബൂട്ടിയ നമുക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കി, ഇന്ത്യൻ കായികരംഗത്തെ രാഷ്ട്രീയ ഇടപെടൽ ദൽഹിയിലെ മലിനീകരണം പോലെ ഒഴിവാക്കാനാവാത്തതാണെന്ന്.

സ്ത്രീകൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ കായിക സമൂഹത്തിൽനിന്ന് വിരളമായ പരാതികൾ മാത്രമേ പുറത്തു വരാറുള്ളൂ, രോഗം വ്യാപകമാണെങ്കിലും. വെളിച്ചം കാണാത്ത മിക്ക പരാതികളും പരിശീലകർക്കെതിരെയാണ്. ഫെഡറേഷനുകൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിയന്ത്രിക്കുക മാത്രമല്ല അസുഖകരമായ ഒന്നും പുറത്തു വരാൻ അനുവദിക്കുന്നുമില്ല. ഇത് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ കൂടുതൽ തീവ്രമാക്കുന്നു. ഇത് തങ്ങളുടെ മി ടൂ പോരാട്ടത്തിൽ ഒരു വഴിത്തിരിവായി മാറുന്നതിന്, ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് അഭിനേതാക്കളും ഉൾപ്പെടെയുള്ള മറ്റു താരങ്ങൾ ഈ സ്ത്രീകൾക്ക് പിന്തുണ നൽകേണ്ടതുണ്ട്. പറയുന്നത് പോലെ എളുപ്പമല്ല പ്രവൃത്തി.  

യു.എസ് ജിംനാസ്റ്റിക് ടീമിലെ മുൻ ഡോക്ടറായ ലാറി നസ്സർ വർഷങ്ങളോളം ജിംനാസ്റ്റുകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളുമായി മി ടൂ പ്രസ്ഥാനം അമേരിക്കൻ കായികരംഗത്തെ ഇളക്കിമറിച്ചു. ആ കേസിനും ഇന്ത്യൻ ഗുസ്തിക്കാരുടെ ആരോപണങ്ങൾക്കും ഒരു പൊതു ഘടകമുണ്ട്. ഒന്നിലധികം ഒളിംപിക്‌സുകളിൽ മെഡൽ ജേതാവായിരുന്ന സിമോൺ ബൈൽസിനെപ്പോലും നസ്സർ ഒഴിവാക്കിയില്ല. ഗുസ്തിക്കാരുടെ ആരോപണങ്ങളിൽനിന്ന് വ്യക്തമാകുന്നത് പോലെ, ബ്രിജ് ഭൂഷന്റെ പീഡനം ഏറ്റവും വലിയ താരങ്ങൾ പോലും അനുഭവിച്ചിട്ടുണ്ട്. 

1990 ൽ ടെന്നിസ് വാഗ്ദാനമായിരുന്ന 14 കാരി രുചിക ഗിർഹോത്രയെ ഹരിയാന ടെന്നിസ് അസോസിയേഷൻ മേധാവിയും പോലീസ് ഐ.ജിയുമായിരുന്ന എസ്.പി.എസ് റാത്തോഡ് പീഡിപ്പിച്ച വാർത്തകൾ പുറത്തുവന്നു. രുചിക ആത്മഹത്യ ചെയ്തു. പക്ഷേ റാത്തോഡിന് സ്ഥാനക്കയറ്റം ലഭിച്ചു. കാര്യങ്ങൾ അന്നും ഇന്നും ഒരുപോലെയാണെന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങളുടെ സമരം തെളിയിക്കുന്നു.

ഒളിംപിക്‌സിൽ വിജയിക്കാത്തതിന്റെ പേരിൽ ബ്രിജ്ഭൂഷന്റെ മാനസിക പീഡനത്തെത്തുടർന്ന് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചതായി ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് കണ്ണീരണിഞ്ഞ് പറയുമ്പോൾ ഇന്ത്യൻ കായികരംഗം ലജ്ജിച്ച് തലതാഴ്ത്തുന്നു. 10 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട ചലച്ചിത്ര നിർമാതാവ് സാജിദ് ഖാൻ ബിഗ് ബോസിലൂടെ ദേശീയ ടെലിവിഷനിൽ തിരിച്ചെത്തിയത് ഓർക്കുക. അവിടെ സൽമാൻ ഖാൻ അദ്ദേഹത്തെ സ്വീകരിച്ചു. തൊഴിൽ രംഗത്തുനിന്നുള്ള ആരോപണ വിധേയരുടെ മാറിനിൽക്കൽ ഒരു വിനോദ യാത്രയെന്ന പോലെ ഹ്രസ്വവും തിരിച്ചുവരവ് ആവേശകരവുമായിരുന്നു. നടൻ നാനാ പടേക്കറിന്റെ പേരു ചൊല്ലി നടി തനുശ്രീ ദത്ത തുടക്കമിട്ട മി ടൂ ഇന്ന് ഒരു ഗതികിട്ടാപ്രേതമാണ്.

സർക്കാരിന്റെ വാക്കുകൾ വിശ്വസിച്ച് ജന്ദർ മന്ദറിൽനിന്ന് പിരിഞ്ഞുപോയ ഗുസ്തി താരങ്ങൾ മനസ്സിലാക്കേണ്ടത് കാര്യങ്ങളെല്ലാം പഴയപടി തന്നെയായിരിക്കുമെന്നതാണ്. കാരണം അധികാരമാണ് എല്ലാം നിയന്ത്രിക്കുന്നത്. ഇത് കായികതാരങ്ങളുടെ മാത്രം പ്രശ്‌നവുമല്ല. അതിനാൽ തന്നെ പരിഹാരം ഒരു കമ്മിറ്റി രൂപീകരണത്തിലോ ചർച്ചകളിലോ ഒതുങ്ങുന്നുമില്ല.

Latest News