Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

വിവേചനത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധം

ശങ്കർ മോഹന്റെ നിയമ ലംഘനങ്ങളും ജാതീയ അധിക്ഷേപങ്ങളും പലതും പൊതുരേഖകളായി ഉണ്ടായിട്ടും സർക്കാർ നടപടികൾ ഇനിയും താമസിപ്പിക്കുകയാണ്. മാത്രമല്ല, സർക്കാർ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോർട്ടിൽ ഇവയെല്ലാം അംഗീകരിക്കുന്നതായി സൂചനയുണ്ടായിട്ടും അവ പ്രസിദ്ധീകരിക്കാനും തയാറാകുന്നില്ല. സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന ബാലപാഠമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.  

 

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികളും തൊഴിലാളികളും 2022 ഡിസംബർ 5 മുതൽ നടത്തിവന്ന അനിശ്ചിതകാല സമരം കഴിഞ്ഞ ദിവസം ഒത്തുതീർന്നിരുന്നല്ലോ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പുണ്ടായത്. അതോടൊപ്പം ആരോപണ വിധേയനായ ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കുകയും ചെയ്തു. പുതിയ ഡയറക്ടറെ നിയമിക്കുന്ന സർച്ച് കമ്മിറ്റി രൂപീകരിച്ചു,  നിലവിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും,  അടുത്ത അധ്യയന വർഷം മുതൽ പ്രോസ്‌പെക്ടസിൽ സംവരണ സീറ്റുകളുടെ വിവരം ഉൾപ്പെടുത്തും, ഡയറക്ടറുടെ വീട്ടിൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കില്ലെന്ന് ഉറപ്പാക്കും,  വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും, പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രതിനിധി ഉണ്ടാകും, വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ ബൈലോ, ബോണ്ടിൽ നിന്ന് ഒഴിവാക്കും, വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം  വിദ്യാർത്ഥി ക്ഷേമസമിതി രൂപീകരിക്കും,  പട്ടികജാതി  പട്ടികവർഗ വിഭാഗത്തിലും മറ്റു അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാർഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും, അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും, കോഴ്‌സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ  സമിതി രൂപീകരിക്കും. കോഴ്‌സ് ഫീസ് സംബന്ധിച്ച വിഷയവും വർക് ഷോപ്പുകൾ, പ്രോജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണവും സംബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും,  ഡിപ്ലോമകൾ സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കും, ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31 ന് മുമ്പ് ഡിപ്ലോമകൾ നൽകും, പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചതായാണ് വാർത്ത.

സമരം താൽക്കാലികമായി ഒത്തുതീർന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച ഗുരുതരമായ പ്രശ്‌നങ്ങൾക്ക് അന്തിമമായ പരിഹാരമായി എന്നു പറയാനാകില്ല. അതിന്റെ പ്രഖ്യാപനങ്ങളൊക്കെ ഇനിയും വരണം. മാത്രമല്ല, ഈ സമരം ഉന്നയിക്കുന്ന വളരെ പ്രസക്തമായ വിഷയങ്ങളോട് കേരളീയ സമൂഹം ഇപ്പോഴും ഗുണാത്മകമായ രീതിയിൽ പ്രതികരിക്കുന്നു എന്നും പറയാനാകില്ല. ഇത്തരം സാഹചര്യത്തിലാണ് സമരത്തെ പിന്തുണച്ചിരുന്ന ഫോറം എഗെൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ & ഒപ്രഷൻ എന്ന സാംസ്‌കാരിക കൂട്ടായ്മ റിപ്പബ്ലിക് ദിനത്തിൽ സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാർച്ച് നടത്തുന്നത്. ജാതിവെറിക്കും ഭരണകൂടത്തിന്റെ സവർണ ദാസ്യത്തിനും എതിരെ സാംസ്‌കാരിക കേരളം സെക്രട്ടറിയേറ്റിലേക്ക് എന്ന മുദ്രാവാക്യമാണ് അവരുയർത്തിപ്പിടിക്കുന്നത്. പ്രൊഫ. എം. കുഞ്ഞാമനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. 

ജാതിവിവേചനവും തൊഴിലാളി - സ്ത്രീ - വിദ്യാർത്ഥിദ്രോഹ പ്രവൃത്തികളും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശങ്കർ മോഹനതിരെ ഇതുവരെയും ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. മറിച്ച് അദ്ദേഹത്തിനു ഭംഗിയായി രാജിവെച്ചൊഴിയാനുള്ള അവസരം നൽകുകയാണ് ഉണ്ടായത്.  രാജിയും ഇപ്പോൾ നടക്കുന്ന 'വിവാദങ്ങളുമായി' യാതൊരു ബന്ധവുമില്ല എന്നും ഉത്തരവാദിത്തത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ സ്വമേധയാ ഇറങ്ങിപ്പോകുന്നതാണ് എന്നുമാണ് ശങ്കർ മോഹന്റെ അവകാശവാദം. സമരം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗൗരവതരമായ ക്രമക്കേടുകളും വിവേചനങ്ങളും അതിക്രമങ്ങളുമാണ് പുറത്തു കൊണ്ടുവന്നത്.  ശങ്കർ മോഹന്റെ നിയമ ലംഘനങ്ങളും ജാതീയ അധിക്ഷേപങ്ങളും പലതും പൊതുരേഖകളായി ഉണ്ടായിട്ടും സർക്കാർ നടപടികൾ ഇനിയും താമസിപ്പിക്കുകയാണ്. മാത്രമല്ല, സർക്കാർ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോർട്ടിൽ ഇവയെല്ലാം അംഗീകരിക്കുന്നതായി സൂചനയുണ്ടായിട്ടും അവ പ്രസിദ്ധീകരിക്കാനും തയയ്യാറാകുന്നില്ല. സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന ബാലപാഠമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.  

മറുവശത്ത്  ശങ്കറിനെ അനുകൂലിച്ച് പരസ്യമായി പ്രസ്താവനകൾ നടത്തുകയും തന്റെ അറിവോടെയാണ് ഡയറക്ടർ പ്രവർത്തിക്കുന്നതെന്നു പറയുകയും വിദ്യാത്ഥികളെയും തൊഴിലാളികളെയും അധിക്ഷേപിക്കുകയും ചെയ്ത  ഇൻസ്റ്റിറ്റിയൂട്ട് ചെയർമാനും ചലച്ചിത്ര സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണനെതിരെ വാക്കാൽ പോലും സർക്കാർ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രി പരസ്യമായി അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത്.  ഈ സമര കാലഘട്ടത്തിൽ തന്നെ ദേശാഭിമാനി അദ്ദേഹത്തിനു പുരസ്‌കാരം നൽകി. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാകട്ടെ, അടൂരിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. 
സമരം നിർത്തിവെച്ചതിനെ തുടർന്ന്  ഒരു സംശയം ന്യായമായും ഉയരും. അവരുടെ സമരം പൂർണ വിജയമായിരുന്നോ? എല്ലാം പരിഹരിക്കാനുള്ള സമരം വിദ്യാർത്ഥികളുടെ ചുമലിലാണ് എന്ന ധാരണയിലാണ്  ഈ ചോദ്യങ്ങൾ ഉയരുന്നത്. ഈ  ചോദ്യങ്ങൾ അവർ മാത്രം ഉയർത്തേണ്ടതല്ല. എല്ലാ പ്രശ്‌നങ്ങളും അവിടെ മാത്രം ഉള്ളതുമല്ല. കേരളീയ അധികാര വ്യവഹാരങ്ങളെയും അക്കാദമിക സംവിധാനങ്ങളെയും തീണ്ടിയ വിവേചന ബാധയുടെ വിഷമാണ് അവിടെ പുറത്തു കണ്ടത്. 
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുക, കാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കുക, സംവരണാനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന അധികാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക... ഈ ആവശ്യങ്ങളുമായി  റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയും ഭരണഘടന ആമുഖവും  അംബേദ്കർ ചിത്രവും കൈയിലേന്തിയാണ് തങ്ങൾ മാർച്ച് നടത്തുക എന്ന് സംഘാടകർ അറിയിക്കുന്നു. 

 

Latest News