Sorry, you need to enable JavaScript to visit this website.

'അരമണിക്കൂർ രാഹുലിന് അനങ്ങാനായില്ല, ഒരു കി.മീറ്ററിൽ തന്നെ യാത്ര നിർത്തി, ജീവൻവെച്ചുള്ള കളി'യെന്ന് കോൺഗ്രസ്

- ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ലെന്ന് രാഹുൽ ഗാന്ധി
-വൻ സുരക്ഷാ വീഴ്ചയെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ
    
ശ്രീനഗർ -
ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്തതിനാലാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിയതെന്ന് ജാഥാ നായകൻ രാഹുൽഗാന്ധി. യാത്രയുമായി മുന്നോട്ടുപോകുമെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
  രാഹുൽ ഗാന്ധിയുടെ ജീവൻ വച്ച് കളിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും സുരക്ഷാവീഴ്ച ഉടൻ പരിഹരിക്കണമെന്നും കോൺഗ്രസ്  ആവശ്യപ്പെട്ടു. പെട്ടെന്നുണ്ടായ സുരക്ഷ വീഴ്ചയെ തുടർന്ന് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ നിർത്തിവെച്ച സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. 
 കഴിഞ്ഞദിവസം പ്രതികൂല കാലാവസ്ഥ കാരണം നിർത്തിയ ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ പുനഃരാരംഭിക്കുകയായിരുന്നു. ഇന്ന് 11 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടതായിരുന്നു. എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ യാത്ര നിർത്തുകയായിരുന്നു. 30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികരിച്ചു. തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ വച്ച് രാഹുലിനൊപ്പം യാത്രയിൽ അണിചേർന്നിരുന്നു.
 ശ്രീനഗറിലേക്കുള്ള വഴിയിൽ ബനിഹാൽ തുരങ്കം പിന്നിട്ടതിനു ശേഷം വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പിൻവാങ്ങൽ ഗുരുതര വീഴ്ചയാണെന്നും ജമ്മു കശ്മീർ ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

Latest News