Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച, നഷ്ടം തുടർന്ന് അദാനി

ന്യൂദൽഹി- ഇന്ത്യൻ ഓഹരി വിപണയിൽ വൻ തകർച്ച. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യു.എസ് ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന്റെ ആഘാതം ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചു. സെൻസെക്‌സ് 1.25% ഇടിഞ്ഞ് 59,451 ആയി. നിഫ്റ്റി 17,683ൽ എത്തി. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാൻസ്മിഷൻ ഓഹരികൾ 19.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാർച്ചിനുശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇത്. 
റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെ, ബുധനാഴ്ച ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തിൽ ഇന്നലെ ഏതാണ്ട് 90,000 കോടി രൂപയുടെ കുറവുണ്ടായിരുന്നു. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും ഹിൻഡൻബർഗ് ആരോപിച്ചു. 
ഓഹരി വില കൃത്രിമമായി ഉയർത്തിയെന്നതടക്കം അദാനി ഗ്രൂപ്പ് ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന റിപ്പോർട്ട് പുറത്തുവിട്ട അമേരിക്കൻ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങുകയാണ്. ഹിൻഡൻബർഗിനെതിരെ അമേരിക്കയിലും ഇന്ത്യയിലും നിയമപരമായി എന്തു ചെയ്യാനാവുമെന്ന് പരിശോധിച്ചുവരികയാണെന്ന് അദാനി ഗ്രൂപ്പ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും, നിയമ നടപടികൾ ഉണ്ടായാൽ ആവശ്യമായ നിരവധി രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഹിൻഡൻബർഗ് പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവിട്ട് 36 മണിക്കൂർ കഴിഞ്ഞിട്ടും അതിൽ പറയുന്ന ഒരു വിഷയത്തിൽ പോലും പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയാറായിട്ടില്ലെന്നും ഹിൻഡൻബർഗ് റിസർച്ച് ട്വീറ്റ് ചെയ്തു. നിയമനടപടിയുടെ കാര്യം അദാനി ഗ്രൂപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ പ്രവർത്തിക്കുന്ന അമേരിക്കയിൽ കൂടി കേസ് കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
20000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്.പി.ഒ) ഇറക്കാനിരിക്കേയാണ് രാജ്യത്തെ ഏറ്റവും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനിക്ക് ഇരുട്ടടിയായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവരുന്നത്. അദാനി ഗ്രൂപ്പ് വർഷങ്ങളായി ഓഹരി വിപണിയിൽ കൃത്രിമം കാട്ടിവരുന്നുണ്ടെന്നും, തങ്ങളുടെ ഓഹരികൾക്ക് കൃത്രിമമായി വില കൂട്ടുകയാണെന്നുമായിരുന്നു റിപ്പോർട്ടിലെ പ്രധാന വിവരം. അതിനുപുറമെ അക്കൗണ്ട് തട്ടിപ്പും കള്ളപ്പണ ഇടപാടുകളും അദാനി ഗ്രൂപ്പ് നടത്തിയതായും രണ്ട് വർഷം നീണ്ട പഠനത്തിനശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വിലകൾക്ക് വൻ തകർച്ചയാണ് ബുധനാഴ്ച നേരിട്ടത്. റിപ്പബ്ലിക് ദിനമായതിനാൽ ഇന്നലെ ഓഹരി വിപണി പ്രവർത്തിച്ചില്ല. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് ദുരുദ്ദേശ്യപരവും, കമ്പനിയുടെ പ്രതിഛായ തകർക്കാനുള്ള ശ്രമവുമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
എന്നാൽ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ഹിൻഡൻബർഗ് വ്യക്തമാക്കി. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാൻ തയാറാണെന്നും അവർ വ്യക്തമാക്കി. വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ അറിയിച്ചു.
ഷെൽ കമ്പനികൾ, നികുതി വെട്ടിക്കൽ, വ്യാജ രേഖകൾ എന്നിവയാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ. കമ്പനികളുടെ ഓഹരികൾ പണയപ്പെടുത്തി വായ്പ എടുത്തു അദാനി ഗ്രൂപ്പിന്റെ സാമ്പത്തി നില തന്നെ കെണിയിലായി. നികുതി വെട്ടിക്കാനാനായി കരീബിയൻ ദ്വീപുകളിലും മൗറീഷ്യസിലും യുഎഇയിലും വ്യാജ കമ്പനികൾ തുടങ്ങി. മൗറീഷ്യസിൽ മാത്രം ഇത്തരത്തിൽ 38ലേറെ ഷെൽ കമ്പനികൾ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹിൻഡൻബർഗ് റിസേർച്ചിന്റെ റിപ്പോർട്ട് തങ്ങളെ ഞെട്ടിച്ചു എന്നാണ് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷീന്ദർ സിംഗ് പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് പുറത്തു വന്ന സമയം തന്നെ സംശയകരമാണ്. തങ്ങളുടെ നിക്ഷേപകരിൽ ആരും തന്നെ കടബാധ്യതകളിൽ ഇതുവരെ ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. അദാനി എന്റർപ്രൈസസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിംഗിന്റെ തന്നെ സമയത്ത് റിപ്പോർട്ട് വന്നതിൽ ദുരൂഹത ഉണ്ടെന്നും ജുഗുഷീന്ദർ സിംഗ് പ്രസ്താവനയിൽ വ്യക്തമാക്കി.      
എന്നാൽ, അദാനി ഗ്രൂപ്പിന്റെ മുൻ സീനിയർ എക്‌സിക്യുട്ടീവുമാരോട് ഉൾപ്പടെ വിശദമായി വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴു കമ്പനികളിൽ അഞ്ച് കമ്പനികളുടെയും സ്ഥിതി അങ്ങേയറ്റം മോശമാണ്. അദാനി ഗ്രൂപ്പിന്റെ തലപ്പത്തുള്ള 22 പേരിൽ എട്ടു പേരും അദാനി കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണ്. സാമ്പത്തിക തീരുമാനങ്ങളെല്ലാം തന്നെ ഇവരിലൂടെ മാത്രമാണ് മുന്നോട്ട് പോകുന്നത്. നേരത്തെ അദാനി ഗ്രൂപ്പിനെതിരേ സർക്കാർ തലത്തിൻ അന്വേഷണമുണ്ടായിരുന്നു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നി ഇതിൽ ഉൾപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 
2004-2005 വർഷത്തിൽ ഡയമണ്ട് കയറ്റുമതി, ഇറക്കുമതിയിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു ഗൗതം അദാനിയുടെ ഇളയ സഹോദരൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സിന്റെ കേസിൽ പെട്ടിരുന്നു. വിവിധ ആരോപണങ്ങളിലും നികുതി വെട്ടിപ്പിലും പെട്ട് ഇയാൾ രണ്ടു തവണ അറസ്റ്റിലായിട്ടുണ്ടെന്നും ഇയാൾ പിന്നീട് അദാനി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡയമണ്ട് വ്യാപാരവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഗൗതം അദാനിയുടെ ബന്ധു സമീർ വോറയും ഡി.ആർ.ഐയുടെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ പിന്നീട് അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയ വിഭാഗത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ആയെന്നും ചൂണ്ടിക്കാട്ടുന്നു. 
ഗൗതം അദാനിയുടെ സഹോദരന്റെ നേതൃത്വത്തിലാണ് മൗറീഷ്യസിലെ ഷെൽ കമ്പനികൾ രൂപീകരിച്ചിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട വ്യാജ കമ്പനികളുടെ 13 വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഓഹരി വിപണി രംഗത്ത് കൃത്രിമം കാണിക്കുന്നതിനാണ് വിനോദ് അദാനിയുടെ നേതൃത്വത്തിൽ മൗറീഷ്യസിലുള്ള ഷെൽ കമ്പനികൾ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർലമെന്റ് അംഗങ്ങളുടെ പരാതികളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് കഴിഞ്ഞ ഒന്നര വർഷമായി അന്വേഷണം നടത്തുന്നുണ്ടെന്ന് സെക്യൂരിറ്റി എക്‌സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിവരാവകാശ പ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
    
 

Latest News