ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി : ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും . വധ ശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ലക്ഷദ്വീപ് ലോക്‌സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. പ്രതികളുടെ അപ്പീലിനെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എതിര്‍ത്തെങ്കിലും ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയാണുണ്ടായത്.

സെഷന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിവേഗതയില്‍ ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കവെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകന്‍ ശശി പ്രഭു തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട് . ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ എം പി സ്ഥാനത്തിന് ഫൈസല്‍ അര്‍ഹനാണെന്ന് വ്യക്തമാക്കിയാണ് കത്ത്.
കവരത്തി കോടതിയുടെ ശിക്ഷ പുറത്ത് വന്നു ഏഴാം ദിവസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ എത്തിയത് . കഴിഞ്ഞ 11 നാണ് ശിക്ഷ വിധിച്ചത് . 2 വര്‍ഷത്തില്‍ അധികം തടവ് ശിക്ഷ ലഭിച്ചാല്‍ ഉടനടി സഭയിലെ അംഗത്വം റദ്ദാകുമെന്ന സുപ്രീം കോടതി വിധി  അനുസരിച്ച് ലോക് സഭ സെക്രട്ടറിയേറ്റ് ഫൈസലിനെ പുറത്താക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News