Sorry, you need to enable JavaScript to visit this website.
Saturday , April   01, 2023
Saturday , April   01, 2023

ജപ്തിയുടെ പേരില്‍ ആരും  വഴിയാധാരമാവില്ല-എസ്.ഡി.പി.ഐ 

കൊച്ചി- മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് വസ്തുക്കള്‍ ജപ്തി ചെയ്യുന്നത് തുടരവേ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകാന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നല്‍കില്ല. 
രാജ്യത്തെ സാമ്പ്രദായിക പാര്‍ട്ടികള്‍ക്കെല്ലാം അധ:സ്ഥിത ജനതയോട് ഒരേ നിലപാട് തന്നെയാണ്. എല്ലാ പാര്‍ട്ടികളും ഒരേ അജണ്ട തന്നെയാണ് നടപ്പിലാക്കുന്നത്. ഉത്തരേന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാജ് തന്നെയാണ് കോടതി ഉത്തരവിന്റെ മറവില്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്ന ജപ്തി നടപടികള്‍. നിയമം ഒരു വിഭാഗത്തിന് മാത്രം ബാധകമാക്കുന്നത് വിവേചനം തന്നെയാണ്. വിവേചനങ്ങളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടേണ്ടതില്ല. ഭീഷണിയിലൂടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. ജപ്തി പട്ടികയിലെ പിഴവ് സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമാണ്. 
സംവരണ പ്രക്ഷോഭം പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സംവരണം സാമൂഹിക നീതിക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംഘടിപ്പിച്ച സംവരണ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം പാവപ്പെട്ടവന് ജോലി നല്‍കാനുള്ള പദ്ധതിയെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പിലാക്കിയത്-ഫൈസി വ്യക്തമാക്കി. 


 

Latest News