Sorry, you need to enable JavaScript to visit this website.

മമതയോട് അത്രയ്ക്ക് മമത വേണ്ട, ബംഗാള്‍  ഗവര്‍ണര്‍ ആനന്ദബോസിനെ ദല്‍ഹിക്ക് വിളിപ്പിച്ചു 

ന്യൂദല്‍ഹി- ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ദല്‍ഹിക്ക് വിളിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ ചൊടിപ്പിച്ചത്. മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബി.ജെ.പി. നേതൃത്വം അസ്വസ്ഥമാണ്.
ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എം.പി. സ്വപന്‍ദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ നീരസം പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു. ബി.ജെ.പി. നേതാക്കളാണ് ഇരുവരും.
ഗവര്‍ണര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപന്‍ദാസ് ഗുപ്ത. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ വഴിയല്ല നിലവിലെ ഗവര്‍ണര്‍ സ്വീകരിച്ചത്. അതിനാലാണ് സ്വപന്‍ദാസ് ഗുപ്ത വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂല്‍ എം.പി. സൗഗത റോയ് പറഞ്ഞു

Latest News