Sorry, you need to enable JavaScript to visit this website.

ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നിൽ ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങളെന്ന് സംശയം -അഡ്വ. ബി.ആ.എം. ഷഫീർ

അഡ്വ. ബി.ആർ.എം. ഷഫീർ ദമാമിൽ വാർത്താസമ്മേളനത്തിൽ

അനിൽ ആന്റണിയുടെ നിലപാട് നീതീകരിക്കാൻ കഴിയില്ല

ദമാം- ഗുജറാത്ത് കലാപം സംബന്ധിച്ച ബി.ബി.സി ഡോക്യുമെന്ററി ഇപ്പോൾ പുറത്തുവിട്ടതിന് പിന്നിൽ ആർ.എസ്.എസ്  ബുദ്ധികേന്ദ്രങ്ങൾ ആണെന്ന് സംശയിക്കുന്നതയി കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ. ബി.ജെ.പിയെ എതിർക്കുന്നവരെയെല്ലാം വിലക്കെടുക്കുന്ന സംവിധാനമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധം തീർക്കുന്ന ഈ ഘട്ടത്തിൽ ഇതുപോലെ ഒരു ഡോക്യുമെന്ററി പുറത്തിറക്കുന്നതും അതിന്മേൽ വിവാദം ഉയരുന്നതും സംശയാസ്പദമാണ്. ഇന്ത്യയിലെ പ്രമുഖ വാർത്ത മാധ്യമങ്ങളെ ഇതിനകം സംഘപരിവാർ വിലക്കെടുത്തുവെന്നും ഇതിനു സമാനമായി ബി.ബി.സിയെയും സംശയിക്കുന്നതായി അദ്ദേഹം ദമാമിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.  
ഗുജറാത്ത് വംശീയ കലാപത്തെ ആസ്പദമാക്കി ഇന്ത്യ ദ മോഡി ക്വസ്റ്റ്യൻ എന്ന ബി.ബി.സി ഡോക്യുമെന്ററി രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ മാത്രമല്ല, യൂത്ത് കോൺഗ്രസും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. ഡോക്യുമെന്ററി വിഷയത്തിൽ അനിൽ ആന്റണിയുടെ നിലപാട് നീതീകരിക്കാൻ കഴിയില്ലെന്നും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞതെന്നും ഷഫീർ കൂട്ടിച്ചേർത്തു. ദമാം ഒ.ഐ.സി.സി റീജണൽ കമ്മിറ്റിയുടെ ആിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയിലും പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. 
ഇന്ത്യയിൽ ബി.ജെ.പി പ്രയോഗിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഗുജറാത്തിലാവട്ടെ, അത് ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാക്കി മാറ്റുന്നു. കോൺഗ്രസ് സീനിയർ നേതാക്കളെ കേന്ദ്ര ഏജൻസികളെക്കൊണ്ട് കള്ളക്കേസുകൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുന്നതായും നിങ്ങൾ സുഖമായി ജീവിക്കണോ അതോ ജയിലിലേക്ക് പോകണോ എന്ന ഭീഷണിപ്പെടുത്തലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 ഇന്ത്യ രാജ്യം ഫാസിസ്റ്റുകളുടെ കരങ്ങളിൽ അമർന്നിരിക്കയാണ്. ഇന്ത്യൻ ഭരണഘടന പോലും ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന ഈ കാലത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുകയാണ്. വിദ്വേഷങ്ങളുടെയും പരിഹാസങ്ങളുടെയും ഇടയിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സാധാരണക്കാരായെ ജനങ്ങളെ ചേർത്തു പിടിച്ചു രാഹുൽ ഗാന്ധി നടന്നു നീങ്ങിയപ്പോൾ ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങൾ ഒപ്പം ചേർന്ന് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധ ജ്വാല തീർക്കുകയായിരുന്നു. ഇന്ത്യയിലെ സാംസ്‌കാരിക ബിംബങ്ങളോടും കലാകാരന്മാരോടും അദ്ദേഹം സംവദിച്ചു. കർഷകരോടും രാഷ്ട്രീയ നേതാക്കളോടും ഒരുപോലെ ഇടപെട്ടു ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ ആഹ്വാനം ചെയ്തു. 
കേന്ദ്ര സർക്കാരിന്റെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും മനംനൊന്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയിലൂടെ മുഴങ്ങിക്കേൾക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ഒരു രാഷ്ട്രീയ പാർട്ടിയോ നേതാവോ ലോക ചരിത്രത്തിൽ ഇത്ര ദൂരം നടന്നു സമരം ചെയ്തത് ആദ്യ സംഭവമാണെന്നും ഇത് ഇന്ത്യയിലെ ജനങ്ങൾ നെഞ്ചോട് ചേർത്തതായും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 3500 കിലോമീറ്ററിലേറെ കാൽനടയായി നീങ്ങുന്ന യാത്ര ശ്രീനഗറിൽ അവസാനിക്കുമ്പോൾ ഗിന്നസ് ബുക്കിൽ ഇടം പിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സമയത്ത് രൂപമെടുത്ത മൂന്നാം മുന്നണി സംഘപരിവർ സൃഷ്ടിയാണെന്നും ഇത് ബി.ജെ.പിയെ സഹായിക്കാൻ മാത്രമേ ഉതകൂ എന്നും ഷഫീർ പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി കോൺഗ്രസിനു പിറകിൽ അണിനിരക്കണമെന്നു പറയുന്ന സന്ദർഭത്തിൽ മൂന്നാം മുന്നണിക്കൊപ്പം ചേർന്ന് നിൽക്കുന്ന പിണറായിയുടെ സമീപനം തിരിച്ചറിയണം. ആം ആദ്മി പാർട്ടിയുടെയും ഉവൈസിയുടെ പാർട്ടിയുടെയും ലക്ഷ്യം കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ.പിയുടെ ഉയർച്ചക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് പിണറായി സർക്കാർ. സി.പി.എമ്മും ബി.ജെ.പിയും ഒറ്റ മനസ്സോടെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇവർക്കിടയിലെ പാലമാണ് അദാനിയും കൂട്ടരുമെന്നും അദേഹം കൂട്ടിച്ചേർത്തു. 
ഇന്ന് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോർപറേറ്റ് ഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയതായും രാജ്യത്ത് സ്ത്രീ പീഡനം വർധിച്ചു വരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നു. രാജ്യത്തെ ഭൂരിപക്ഷ ജനവികാരം ഉൾക്കൊണ്ട് കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തുമെന്നും ബഹുഭൂരിപക്ഷത്തോടെ കേന്ദ്ര ഭരണത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്ത സമ്മേളനത്തിൽ അഹമ്മദ് പുളിക്കൽ, ബിജു കല്ലുമല, റഫീഖ് കൂട്ടിലങ്ങാടി, ലാൽ അമീൻ, ചന്ദ്രമോഹൻ എന്നിവർ സംബന്ധിച്ചു.

Tags

Latest News