Sorry, you need to enable JavaScript to visit this website.

ഹാഫ്മൂൺ ബീച്ചിൽ ടൂറിസ്റ്റ് റിസോർട്ട് നിർമിക്കാൻ കരാർ

റിയാദ് - കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹാഫ്മൂൺ ബീച്ചിൽ അത്യാധുനിക ടൂറിസ്റ്റ് റിസോർട്ട് നിർമിക്കാൻ അശ്‌റാഖ് ഡെവലപ്‌മെന്റ് കമ്പനിയുമായി സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് ധാരണാപത്രം ഒപ്പുവെച്ചു. ഗൾഫ് ഉൾക്കടലിന്റെ അതിശയകരമായ കാഴ്ച ലഭിക്കുന്ന നിലക്ക് 2,62,000 ലേറെ ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയിൽ 440 ഹോട്ടൽ യൂനിറ്റുകളും 41 വില്ലകളും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും മികച്ച വിനോദ സൗകര്യങ്ങളും അടങ്ങിയിരിക്കുന്നു. 
റിയാദിൽ നടന്ന നഗരസഭ നിക്ഷേപ ഫോറത്തിനിടെയാണ് ഹാഫ്മൂൺ ബീച്ചിൽ ടൂറിസ്റ്റ് റിസോർട്ട് നിർമാണത്തിന് സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും അശ്‌റാഖ് ഡെവലപ്‌മെന്റ് കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചത്. ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് ബിസിനസ് മേഖല പ്രസിഡന്റ് വഹ്ദാൻ അൽഖാദിയും അശ്‌റാഖ് ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ എൻജിനീയർ സക്കി അൽഇംറാനും എഫ്.ടി.ജി ഡെവലപ്‌മെന്റ് കമ്പനി ഡയക്ടർ ജനറൽ ഹാകാൻ കെസ്‌കെനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈലും ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് സി.ഇ.ഒ ഖുസയ് അൽഫാഖിരിയും അശ്ശർഖിയ മേയറും അശ്‌റാഖ് ഡെവലപ്‌മെന്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ ഫഹദ് അൽജുബൈറും ചടങ്ങിൽ സന്നിഹിതരായിരുന്നു. 
ടൂറിസം മേഖല വളർച്ചക്ക് സഹായിക്കുന്ന നിക്ഷേപങ്ങൾ ആകർഷിക്കാൻ സ്വകാര്യ മേഖലയെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് നേരത്തെ ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് സ്വകാര്യ മേഖലയുമായി ഒപ്പുവെച്ച നിരവധി ധാരണാപത്രങ്ങളുടെ തുടർച്ചയാണ് പുതിയ കരാറെന്ന് ഫണ്ട് സി.ഇ.ഒ ഖുസയ് അൽഫാഖിരി പറഞ്ഞു. ഈ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് അശ്‌റാഖ് ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ എൻജിനീയർ സക്കി അൽഇംറാൻ പറഞ്ഞു. 
സൗദിയിൽ ടൂറിസം വ്യവസായത്തെ പിന്തുണക്കാനും കിഴക്കൻ പ്രവിശ്യയിൽ ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കി മേഖല, ആഗോള തീരനഗരങ്ങളുമായി മത്സരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി പ്രവിശ്യയെ മാറ്റാനും പ്രവർത്തിക്കുന്ന അശ്‌റാഖ് ഡെവലപ്‌മെന്റ് കമ്പനിയുടെ സമാരംഭമാണ് ഈ ധാരണാപത്രം.
പ്രവിശ്യയിൽ ജീവിത ഗുണനിലവാരം കൈവരിക്കാൻ സഹായിക്കുന്ന നിലക്ക് ടൂറിസം പദ്ധതികൾ വിപുലീകരിക്കുന്നതിലും വികസനത്തിന്റെയും നിക്ഷേപത്തിന്റെയും രീതികൾ നവീകരിക്കുന്നതിലും ആകർഷകമായ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിലും അടിസ്ഥാനമാക്കിയ വികസന കാഴ്ചപ്പാടും തന്ത്രവും സാക്ഷാൽക്കരിക്കാൻ കമ്പനി ആഗ്രഹിക്കുന്നതായും എൻജിനീയർ സക്കി അൽഇംറാൻ പറഞ്ഞു.  
അൽബാഹ പ്രവിശ്യയിൽ പെട്ട മന്ദഖിൽ ഫോർ സ്റ്റാർ റിസോർട്ട് നിർമിക്കുന്നതിന് വായ്പ അനുവദിക്കാൻ മറ്റൊരു കരാർ കൂടി ഒപ്പുവെച്ചതായി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് അറിയിച്ചു.
12,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് 62 മുറികളും 18 ചാലറ്റുകളും ചുറ്റുമുള്ള മലനിരകളുടെ കാഴ്ചകൾ സമ്മാനിക്കുന്ന നീന്തൽകുളവും റെസ്റ്റോറന്റുകളും ഹെൽത്ത് ക്ലബ്ബും അടങ്ങിയതാണ് റിസോർട്ട് പദ്ധതി. 

Tags

Latest News