ദമാം- നവയുഗം സാംസ്‌ക്കാരിക വേദിയുടെ 2021ലെ അവാർഡിന്, യുവ നേതാവും, സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജനെ തെരഞ്ഞെടുത്തു. നവയുഗം സാംസ്‌കാരിക വേദി എല്ലാവർഷവും നൽകിവരുന്ന അവാർഡിന് പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റും പ്രവാസി ജീവകാരുണ്യ പ്രവർത്തകയുമായ സഫിയ അജിത്തിന്റെ പേര് നൽകാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തന രംഗത്തും, കേരള രാഷ്ട്രീയത്തിലും, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കെ.രാജനെ അവാർഡിന് നവയുഗം കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.
അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും, രമണിയുടെയും മകനായ കെ. രാജൻ ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശൂർ കേരളവർമ കോളേജിൽ നിന്ന് ഡിഗ്രിയും, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയ രംഗത്ത് സജീവമായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലാ യൂനിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം, എ.ഐ.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.വൈ.എഫ് ദേശീയ ജനറൽ സെക്രട്ടറിയും, സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എൽ.എയായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു.
മന്ത്രിയെന്ന നിലയിൽ, അഴിമതിക്കറ പുരളാതെ, സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനായി വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്മ്യുണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും പുരോഗതിയ്ക്കായി എന്നും നിലയുറപ്പിച്ച പൊതുജീവിതമാണ് അദ്ദേഹത്തിന്റേത്. ഈ യാഥാർത്ഥ്യങ്ങളെ മുന്നിൽ നിർത്തിയാണ് നവയുഗം കേന്ദ്രകമ്മിറ്റി സഫിയ അജിത്ത് സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരത്തിന് കെ. രാജനെ തെരഞ്ഞെടുത്തത്.
ജനുവരി 27ന് ദമാമിൽ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിന്റെ വെച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി. സുനീർ കെ.രാജന്് അവാർഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.






