നാലര കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്ന പദ്ധതികൾക്ക് തുടക്കം

റിയാദ് - 2030 ഓടെ കാർഷിക പ്രദേശങ്ങളിൽ നാലര കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാനും പുനരുപയോഗ ജലം ഉപയോഗിച്ച് 40 ലക്ഷം ചെറുനാരങ്ങ മരങ്ങൾ കൃഷി ചെയ്യാനുമുള്ള പദ്ധതികളുടെ ആദ്യ ഘട്ടത്തിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കം കുറിച്ചു. സൗദി ഗ്രീൻ ഇനീഷ്യേറ്റീവിന്റെ ഭാഗമായി സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും കാർഷിക വികസന നിധിയുമായും സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. 
ഫലവൃക്ഷങ്ങളും ചെറുനാരങ്ങ മരങ്ങളും നട്ടുവളർത്താൻ അനുയോജ്യമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കാനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും തയാറാക്കാനും നഴ്‌സറികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ നിർണയിക്കാനും ലക്ഷ്യമിട്ട് റിയാദിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ആസ്ഥാനത്ത് മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രവിശ്യകളിലെ മന്ത്രാലയ ശാഖ മേധാവികളും ശിൽപശാലയിൽ പങ്കെടുത്തു. 


മക്ക, അസീർ, അൽബാഹ, ജിസാൻ പ്രവിശ്യകളിൽ 2030 ഓടെ നാലര കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാനും റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക പ്രവിശ്യ, നജ്‌റാൻ, അൽഖസീം, മദീന, അൽബാഹ, അസീർ, ജിസാൻ പ്രവിശ്യകളിൽ പുനരുപയോഗ ജലം ഉപയോഗിച്ച് 40 ലക്ഷം ചെറുനാരങ്ങ മരങ്ങൾ നട്ടുവളർത്താനുമാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. പഴവർഗങ്ങളുടെ ഇറക്കുമതിയിൽ പകുതിയിലേറെ ലാഭിക്കാൻ ഇരു പദ്ധതികളിലൂടെയും സാധിക്കും. ഇതിലൂടെ പ്രതിവർഷം 450 കോടി റിയാൽ ലാഭിക്കാൻ കഴിയും. പഴവർഗങ്ങളുടെ കൃഷി, ഉൽപാദനം എന്നിവയുടെ സുസ്ഥിരത കൈവരിക്കാനും ഭക്ഷ്യസുരക്ഷയും സുസ്ഥിര വികസനവും സാക്ഷാൽക്കരിക്കാനും മഴവെള്ളവും പുനരുപയോഗിക്കാവുന്ന വെള്ളവും പ്രയോജനപ്പെടുത്താനും പദ്ധതികൾ സഹായകമാകും. 
ഫലവൃക്ഷങ്ങളുടെ കൃഷിയിലും പരിവർത്തന വ്യവസായ മേഖലയിലും നിക്ഷേപം നടത്താൻ കർഷകരെയും നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സൗദിയിൽ ഹരിത പ്രദേശങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും തൊഴിലവസരങ്ങൾ ലഭ്യമാക്കാനും വിവിധ പ്രവിശ്യകളിലെ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും സഹായിക്കും.
 

Tags

Latest News