ജിദ്ദ- ഭാവി തലമുറകളായ സന്താനങ്ങളെ വളർത്തുന്നത് ആനന്ദകരമാണെന്നും അതിന് കൃത്യമായ നിർദ്ദേശങ്ങൾ ആവശ്യമുണ്ടെന്നും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തക എ.റഹ്മത്തുന്നിസ അഭിപ്രായപ്പെട്ടു. സ്റ്റുഡൻസ് ഇന്ത്യ ജിദ്ദ ഘടകം സംഘടിപ്പിച്ച കൗമാര പ്രായക്കാരെ വളർത്തുന്നതിന്റെ ആനന്ദം എന്ന വിഷയത്തിൽ സംവദിക്കുകയായിരു അവർ. ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങൾ രൂപപ്പെടുന്ന കാലമാണിത്. ഈ പ്രായത്തിൽ വ്യക്തിത്വത്തെ കുറിച്ച് കുട്ടികൾ കൂടുതൽ ശ്രദ്ധിക്കുന്നു. എല്ലാറ്റിനോടും കലഹിക്കാനുള്ള ത്വരയും അവരിൽ പ്രകടമാവുന്നു. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തിൽ, ഭാവി തലമുറകളെ വളർത്തുന്നത് ആനന്ദകരമാവുന്നതോടൊപ്പം കടുത്ത വെല്ലുവിളിയാണെന്നും അവർ ഓർമ്മപ്പെടുത്തി. കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ശരിയായ ദിശ കാണിക്കാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. അവരുമായി സുതാര്യമായ ആശയ വിനിമയം നടക്കണം. അതിന് അവരുമായി യാത്ര ചെയ്യുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്.
കുട്ടികളെ വളർത്തുന്നതിന് രക്ഷിതാക്കൾ നല്ല മാതൃക കാണിക്കുന്നവരാവണമെന്നും എ. റഹ്മത്തുന്നിസ പറഞ്ഞു. ചരിത്രപുരുഷന്മാരുടെ കഥകൾ അവർ ഈ ഘട്ടത്തിൽ വായിക്കുന്നത് അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. കുടുംബ പരിപാടികളിൽ അവർക്ക് ചുമതലകൾ നൽകുന്നതും ചേർത്ത് പിടിക്കുന്നതും ഉത്തമമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സ്റ്റുഡൻസ് ഇന്ത്യ രക്ഷാധികാരി സി.എച്ച്. ബഷീർ സമാപന പ്രസംഗം നടത്തി. ബഷീർ ചുള്ളിയൻ സ്വാഗതവും ഫിദ ഇഖ്ബാൽ നന്ദിയും പറഞ്ഞു. ഇബ്റാഹീം ശംനാട് ഖുർആനിൽ നിന്ന് പാരായണം ചെയ്തു.






