റിയാദ് - സ്വന്തം സ്‌പോൺസർഷിപ്പിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറുന്ന മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികൾക്കു കീഴിലെ 6,561 വേലക്കാരികൾ കഴിഞ്ഞ വർഷം ഒളിച്ചോടിയതായി റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതി വെളിപ്പെടുത്തി. ഏകോപന സമിതിക്കു കീഴിൽ 17 റിക്രൂട്ട്‌മെന്റ് കമ്പനികളാണുള്ളത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ഈ കമ്പനികൾക്കു കീഴിൽ ആകെ 71,306 വേലക്കാരുണ്ട്. ഡിസംബർ മാസത്തിൽ 1,978 ഗാർഹിക തൊഴിലാളികളെ കമ്പനികൾ പുതുതായി റിക്രൂട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഒളിച്ചോടിയ വേലക്കാരികളിൽ 63.41 ശതമാനവും ഇന്തോനേഷ്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഉഗാണ്ടയിൽ നിന്നുള്ളവരാണ്. ഒളിച്ചോടിയ വേലക്കാരികളിൽ 26.64 ശതമാനം ഉഗാണ്ടക്കാരികളും 3.56 ശതമാനം കെനിയക്കാരികളും 2.19 ശതമാനം ഘാനക്കാരികളും 1.69 ശതമാനം ഫിലിപ്പിനോകളും 1.01 ശതമാനം എത്യോപ്യക്കാരികളും 1.01 ശതമാനം ബംഗ്ലാദേശുകാരികളും 0.51 ശതമാനം ബുറുണ്ടി സ്വദേശികളുമാണ്.
ഉയർന്ന വേതനത്തിന് മറ്റിടങ്ങളിൽ ജോലി ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് വേലക്കാരികളെ ഒളിച്ചോടാൻ ചില ഏജന്റുമാർ പ്രേരിപ്പിക്കുകയാണ്. റിക്രൂട്ട്‌മെന്റ് കമ്പനികളിൽ നിന്ന് ഒളിച്ചോടുന്ന വേലക്കാരികൾ നിയമ വിരുദ്ധമായി മറ്റു വീടുകളിൽ ജോലി ചെയ്യുകയാണ്. തങ്ങളുടെ വീടുകളിൽ ജോലി നൽകി അറിഞ്ഞോ അറിയാതെയോ വേലക്കാരികളെ സൗദി പൗരന്മാരും ഒളിച്ചോടാൻ സഹായിക്കുകയാണ്.
ഒളിച്ചോടുന്ന വേലക്കാരികൾക്ക് ജോലി നൽകുന്നത് സൗദി കുടുംബങ്ങൾക്ക് വലിയ ഭീഷണി സൃഷ്ടിക്കും. ഇത്തരക്കാരുടെ ചരിത്രം സൗദി പൗരന്മാർക്ക് അറിയില്ല. കുറ്റകൃത്യങ്ങളുടെയും നിയമ ലംഘനങ്ങളുടെയും പേരിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷിച്ചുവരുന്നവരാകും ഇത്തരം വേലക്കാരികൾ. സ്വന്തം സ്‌പോൺസർഷിപ്പിൽ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന റിക്രൂട്ട്‌മെന്റ് കമ്പനികളിൽ നിന്ന് ഒളിച്ചോടുന്ന വേലക്കാരികൾ കൂടുതൽ വേതനം തേടി വീടുകൾ മാറിമാറി ജോലി ചെയ്യുകയാണ്. ഇത്തരക്കാർക്ക് സൗദി പൗരന്മാർ സ്വന്തം വീടുകളിൽ ജോലിയും അഭയവും നൽകരുത്. ഇങ്ങിനെ ചെയ്യുന്നത് കരിഞ്ചന്ത വ്യാപിക്കാനും സൗദിയിൽ നിയമ ലംഘകർ വർധിക്കാനും ഇടയാക്കുമെന്നും റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതി പറഞ്ഞു. മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന 17 റിക്രൂട്ട്‌മെന്റ് കമ്പനികൾക്കു കീഴിലെ 5,661 ഗാർഹിക തൊഴിലാളികൾ 2018 ലും 6,117 വേലക്കാർ 2019 ലും 6,944 തൊഴിലാളികൾ 2020 ലും 3,471 ഗാർഹിക തൊഴിലാളികൾ 2021 ലും 6,561 തൊഴിലാലികൾ 2022 ലും ഒളിച്ചോടിയതായാണ് കണക്ക്.






