Sorry, you need to enable JavaScript to visit this website.

പുല്ലിനു പകരം പശുക്കൾക്ക് പായൽ; സ്റ്റാർട്ടപ്പിനു പിന്തുണയുമായി ബിൽ ഗേറ്റ്‌സ്

പശുക്കൾ പാവങ്ങളാണ്, പക്ഷേ മീഥേൻ മാരകം

പശുക്കൾ പുറന്തള്ളുന്ന മീഥേൻ വാതകം കുറയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓസ്‌ട്രേലിയൻ കാലാവസ്ഥ ടെക്‌നോളജി സ്റ്റാർട്ടപ്പിൽ മുതൽമുടക്കി കോടീശ്വരൻ ബിൽ ഗേറ്റ്‌സ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് മാംസ ഉൽപാദനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പലപ്പോഴും ആശങ്ക പ്രകടിപ്പിക്കാറുണ്ട്.  
കാർബൺ ഡയോക്‌സൈഡ്  കഴിഞ്ഞാൽ ഏറ്റവും സാധാരണമായ ഹരിതഗൃഹ വാതകമാണ് മീഥേൻ. പശു, ആട്, മാൻ തുടങ്ങിയവയുടെ ആമാശയം പുല്ലും മറ്റു കട്ടിയുള്ള നാരുകളും ദഹിപ്പിക്കുമ്പോഴാണ് മീഥേൻ വാതകം ഉൽപാദിപ്പിക്കപ്പെടുന്നത്. ഏമ്പക്കത്തിലൂടെ അത് പുറന്തള്ളപ്പെടുന്നു.
പശുക്കളെ കടൽപായൽ തീറ്റിച്ചാൽ അവ മീഥേൻ പുറന്തള്ളുന്നത് ഗണ്യമായി കുറയ്ക്കുമെന്ന് സർവകലാശാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനെ കേന്ദ്രീകരിച്ചാകണം ഗവേഷണം പുരോഗമിക്കുന്നത്. 


പെർത്ത് ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ് റൂമിൻ 8  പശുക്കൾക്കായി സമാന്തര തീറ്റ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ചുവന്ന കടൽപായൽ കൃത്രിമമായി ഉണ്ടാക്കിയാൽ മീഥേൻ വാതകം സൃഷ്ടിക്കുന്നത് തടയാൻ കഴിയും.
2015 ൽ ബിൽ ഗേറ്റ്‌സ് സ്ഥാപിച്ച ബ്രേക്ക്ത്രൂ എനർജി വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ ഗവേഷണത്തിനായി  12 മില്യൺ ഡോളർ സമാഹരിച്ചതായി പ്രസ്താവനയിൽ അറിയിച്ചു. ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസ്, ചൈനീസ് സംരംഭകനും ആലിബാബയുടെ സഹസ്ഥാപകനുമായ ജാക്ക് മാ എന്നിവരുടെ പിന്തുണയും ഈ നിക്ഷേപ സ്ഥാപനത്തിനുണ്ട്.
ലോകമെമ്പാടുമുള്ള കാലാവസ്ഥ ആഘാത ഫണ്ടുകളിൽ നിന്ന്  ലഭിച്ച സ്വീകരണം പ്രതീക്ഷ നൽകുന്നതാണെന്നും വളരെ സന്തുഷ്ടരാണെന്നും റൂമിൻ 8  മാനേജിംഗ് ഡയറക്ടർ ഡേവിഡ് മെസീന പറഞ്ഞു.
കന്നുകാലികളിൽ നിന്നുള്ള മീഥേൻ പുറംതള്ളലിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ കൈവരിക്കാൻ കമ്പനിക്ക് കഴിയുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാലികൾ മൂത്രത്തിലൂടെയും ഏമ്പക്കത്തിലൂടെയും ഉൽപാദിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് നികുതി ചുമത്താൻ ന്യൂസിലാൻഡ് സർക്കാർ കഴിഞ്ഞ ഒക്‌ടോബറിൽ നിർദേശിച്ചിരുന്നു. മീഥേൻ ബഹിർഗമനത്തിന് ഏതെങ്കിലും രൂപത്തിൽ പണം നൽകാൻ 2025 ഓടെ കർഷകർ നിർബന്ധിതരാകുമെന്നാണ് കരുതുന്നത്.  
മൊത്തം ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ പകുതിയോളം വരുന്നത് കൃഷിയിൽ നിന്നാണ്. മീഥേനാണ് ഇതിൽ പ്രാധനം. 2019 ൽ അന്തരീക്ഷത്തിലെ മീഥേൻ റെക്കോർഡ് നിലവാരത്തിലെത്തിയതായി കണക്കാക്കുന്നു. വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടത്തേക്കാൾ രണ്ടര മടങ്ങ് കൂടുതലാണിത്.
പശു ഓക്‌സിജൻ തരുമെന്ന് കേൾക്കുമ്പോൾ ചിരിക്കുന്നവർക്കും മീഥേൻ പുറത്തു വിടുന്നവരാണ് ഈ നിഷ്‌കളങ്ക ജീവികളെന്ന് അറിയില്ല. പശു പാവമാണെങ്കിലും മീഥേൻ അത്ര പാവം വാതകമല്ല. ഭൂമി അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധികളിലൊന്നായ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന വാതകമാണ് മീഥേൻ.
പശുക്കൾ നിത്യവും പുറന്തള്ളുന്ന വാതകമാണ് മീഥേൻ. കാർബൺ ഡൈ ഓക്‌സൈഡിനേക്കാൾ 25 മടങ്ങ് വീര്യമുള്ളതാണിത്. അതിനാൽ മീഥേൻ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്നത് ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. കൃഷിയും കന്നുകാലി വളർത്തലുമാണ് മീഥേനിന്റെ 40 ശതമാനവും ഉൽപാദനത്തിന് കാരണം. ഫോസിൽ ഇന്ധന വ്യവസായമാണ് ബാക്കിയുള്ള മീഥേൻ പുറന്തള്ളുന്നത്. പശുക്കളിലെ ദഹനപ്രക്രിയയാണ് മീഥേനിന്റെ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്നത്. പശുക്കൾ ഉൽപാദിപ്പിക്കുന്ന മീഥേനിന്റെ 95 ശതമാനവും അവയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ ആണ് വരുന്നത്.
ലോകമെമ്പാടും കോടിക്കണക്കിന് പശുക്കളാണുള്ളത്. അനുദിനം ഇവ പുറത്തു വിടുന്ന മീഥേന്റെ അളവ് എങ്ങനെ നിയന്ത്രിക്കാനാകുമെന്നത് ലോകത്ത് കാര്യമായി നടക്കുന്ന ഗവേഷണ വിഷയമാണ്. അമേരിക്കയിലെ ഏറ്റവും വലിയ കാർഷിക ഉൽപാദന കോർപറേഷനായ 'കാർഗിൽ' ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ സീറോ എമിഷൻസ് ലൈവ്‌സ്‌റ്റോക്ക് പ്രോജക്റ്റുമായി സഹകരിച്ച് പശുക്കളുടെ മൂക്കുകൾ മറയ്ക്കുന്ന ഒരു മാസ്‌ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഈ മാസ്‌ക് മീഥേനെ അരിച്ചെടുക്കുകയും കാർബൺ ഡൈ ഓക്‌സൈഡായി രൂപാന്തരപ്പെടുത്തുകയും ചെയ്യും.
ഫിൽറ്റർ ചെയ്യുന്ന ഈ തന്മാത്ര ആഗോള താപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുമെന്ന് കാർഗിൽ അനിമൽ ന്യൂട്രീഷൻ ടീമിന്റെ തലവൻ ഗിസ്ലെയ്ൻ ബൗച്ചർ പറയുന്നു. മാസ്‌ക് ഉപയോഗിച്ചതോടെ മീഥേൻ പുറന്തള്ളൽ പകുതിയായി കുറഞ്ഞുവെന്നും കണക്കാക്കുന്നു. 
പശുക്കളുടെ തീറ്റയിൽ ചുവന്ന കടൽപായൽ ചേർക്കുന്നത് മീഥേൻെറ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുമെന്ന നിഗമനത്തിലാണ് പുതിയ ഗവേഷണം പുരോഗമിക്കുന്നത്. കടൽപായൽ തീറ്റയായി നൽകുന്നത് മീഥേൻ പുറന്തള്ളൽ 80 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Latest News