മുംബൈ: ലൈംഗികശേഷിയില്ലാത്തത് ഒരു കുറ്റമല്ല, എന്നാല്‍ അത് മറച്ചുവെച്ച് വിവാഹം കഴിക്കുന്നത് കുറ്റകൃത്യത്തിലാണ് പെടുത്തിയിട്ടുള്ളത്. ലൈംഗിക ശേഷിയില്ലെന്ന കാര്യം മറച്ചുവെച്ചതിന് 38 കാരനായ ഭര്‍ത്താവിനെതിരെ 27 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. യുവതിയുടെ പരാതിയില്‍ പൊലീസ് ഭര്‍ത്താവിനെതിരെ വഞ്ചനയ്ക്കും ക്രൂരതയ്ക്കും കേസെടുത്തു. വൈവാഹിക വെബ്‌സൈറ്റ് ഉടമയടക്കം യുവാവിനെ വിവാഹം കഴിപ്പിച്ച മറ്റ് ഏഴ് പേര്‍ക്കെതിരെയും യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പനവേല്‍ സ്വദേശിനിയാണ് പരാതിക്കാരി. 2018 ഡിസംബറില്‍ ഒരു വൈവാഹിക വെബ്സൈറ്റ് വഴി പരേല്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെടുകയും 2021 ല്‍ വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ദമ്പതികള്‍ ഹണിമൂണ്‍ യാത്രയ്ക്ക് പോയിരുന്നു. ഈ സമയത്തെല്ലാം ഓരോ കാരണം പറഞ്ഞു ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍നിന്ന് അകന്നുനിന്നു.
ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. അവര്‍ പതിവായി പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടു, കൂടാതെ യുവതിയോട് സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും ഖണ്ഡേശ്വര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന തിരിച്ചറിഞ്ഞപ്പോള്‍ താനെയിലുള്ള ഒരു ഡോക്ടറുടെ അടുത്തേക്ക് യുവതി നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയി. കാര്യമായ പ്രശ്‌നമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഭര്‍ത്താവിന് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു മാസത്തിനുശേഷം, യുവതി തന്റെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവിന്റെ അവസ്ഥയെക്കുറിച്ച് അവരോട് പറഞ്ഞു. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുമായി ചര്‍ച്ചയ്‌ക്കെത്തി. എന്നാല്‍ ഇതിന്റെ പേരില്‍ യുവതി ഭീഷണി നേരിട്ടു. ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാവരോടും പറഞ്ഞ് കുടുംബത്തിന് നാണക്കേടുണ്ടാക്കിയതിനാല്‍ വീട്ടിലേക്ക് മടങ്ങിയെത്തിയാല്‍ കൊല്ലുമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷത്തിലേറെയായി ഒത്തുതീര്‍പ്പിനായി ശ്രമിച്ചിട്ടും ഭര്‍ത്താവും കുടുംബവും വഴങ്ങില്ലെന്ന് മനസ്സിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനയ്ക്കും ക്രൂരതയ്ക്കും അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)