ഹരിപ്പാട് (ആലപ്പുഴ) - ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് സംഘർഷമുണ്ടായത്. സഹോദരന്മാർ അടക്കം മൂന്നുപേർക്കാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 9-നായിരുന്നു സംഭവം.
പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു(38) സഹോദരൻ സജീവ് (32), ശ്രീകുമാർ(42) എന്നിവർക്കാണ് കുത്തേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി (പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
യുവാക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്‌പെക്ടർ ശ്രീകുമാരക്കുറുപ്പ്, എ.എസ്.ഐ നിസാർ, സീനിയർ സി.പി.ഒ സുരേഷ്, സി.പി.ഒമാരായ നിഷാദ്, ശ്രീജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കൂട്ടബലാത്സംഗ ശ്രമത്തിനിടെ അധ്യാപിക ബസ്സിൽനിന്ന് ചാടി; ഗുരുതരാവസ്ഥയിൽ, അന്വേഷണത്തിലെന്ന് പോലീസ്
പറ്റ്‌ന - യാത്രയ്ക്കിടെ കൂട്ടബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടാൻ ബസിൽ നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. ചൊവ്വാഴ്ച രാത്രി ബിഹാറിലെ പൂർണിയയിലാണ് സംഭവം. ജോലിസംബന്ധമായി ബിഹാറിലെ വൈശാലിയിലേക്ക് പോയ 35-കാരിയായ അധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. വൈശാലിയിൽനിന്നും തിരിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് ബസ് കയറിയതായിരുന്നു അധ്യാപിക. വഴിക്കുവെച്ച് ഒരു ചെക്ക് പോസ്റ്റിലെത്തിയപ്പോൾ ആറ് പുരുഷന്മാർ ബസിൽ കയറി അശ്ലീലം കാണിച്ചു. ശല്യപ്പെടുത്തൽ തുടർന്നപ്പോൾ അധ്യാപിക പ്രതിഷേധിച്ചെങ്കിലും അവർ പിന്മാറാതെ, കൂട്ടബലാത്സംഗത്തിനായി പിന്നീടുള്ള ശ്രമം. നിലവിളിച്ചപ്പോൾ ഡ്രൈവർ ബസ് നിർത്തി സംരക്ഷണം തരുന്നതിനുപകരം വേഗത കൂട്ടിയതായും പറയുന്നു. ഇതേതുടർന്ന് കൂട്ടബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടാനായി അധ്യാപിക ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ, ബോധരഹിതയായി റോഡരികിൽ കണ്ട അധ്യാപികയെ പട്രോളിംഗ് പോലീസ് പുലർച്ചയോടെ പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡാർജലിങ്ങിലെ ഡോകെൻദാസ് സ്വദേശിനായാണ് അധ്യാപിക.
ബൈസി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹിജിലയിലാണ് അധ്യാപിക അവശയായി കിടന്നിരുന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരുടെ കൈയ്യൊടിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ കോളജിലെ ഡോ. പവൻ ചൗധരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ബസ് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. അജ്ഞാതരായ നാല് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.