ബി.ബി.സി ഡോക്യുമെന്ററി: വൈക്കത്ത് ബി.ജെ.പി, ഡി.വൈ.എഫ്.ഐ ഏറ്റുമുട്ടില്‍

കോട്ടയം - ബി.ബി.സി.യുടെ മോഡി പരമ്പര പ്രദര്‍ശനത്തിനിടെ വൈക്കത്ത് സംഘര്‍ഷം. ഡി.വൈ.എഫ്.ഐ. ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വൈക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സി. സത്യന്റെ കൈക്കാണ് പരിക്കേറ്റത്. സത്യന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

ബുധനാഴ്ച വൈകുന്നേരം  ആറരയോടെയാണ് ഡി.വൈ.എഫ്.ഐ. വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ മുമ്പില്‍ പ്രോജക്ടര്‍ സംവിധാനത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ മ്യൂസിയത്തിന്റെ മുമ്പിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ ഹെഡ്പോസ്റ്റോഫീസിന് സമീപം വാഹനം റോഡിന് കുറുകെയിട്ട് പോലീസ് തടഞ്ഞു. തുടര്‍ന്ന് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് ബാരിക്കേഡുപയോഗിച്ച് പ്രതിരോധിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ബാരിക്കേഡ് പൊട്ടിയാണ് പോലീസുകാരന് പരിക്കേറ്റത്.

ബി.ജെ.പി.ക്കാരെ പോലീസ് തടഞ്ഞതറിഞ്ഞ് മുദ്രാവാക്യം വിളിയുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം തീരുന്നത് വരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും റോഡില്‍ കുത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഡി.വൈ.എഫ്. പ്രവര്‍ത്തകര്‍ വീണ്ടും മുദ്രവാക്യം വിളിച്ചു. പരസ്പരം മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞു പോയി. ഒന്നരമണിക്കൂര്‍  ബോട്ട് ജെട്ടി ഭാഗത്തെ ഗതാഗതം തടസപ്പെട്ടു.

ഡോക്യുമെന്ററി പ്രദര്‍ശനം സി.പി.എം. ഏരിയ കമ്മിറ്റി അംഗം സി.പി. ജയരാജ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി. നടത്തിയ പ്രതിഷേധമാര്‍ച്ചിന് വൈക്കം മണ്ഡലം പ്രസിഡന്റ് പി.ആര്‍. സുഭാഷ്, ജില്ലാ സെക്രട്ടറിമാരായ വിനൂബ് വിശ്വം, ലേഖ അശോകന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്ട്രറി രമേശ് കാവിമറ്റം, ഒ.ബി.സി. മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍. രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ. മഹേഷ്, ടൗണ്‍ പ്രസിഡന്റ് പ്രിയ ഗിരീഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം കുമാര്‍, വൈക്കം നഗരസഭ കൗണ്‍സിലര്‍മാരായ കെ.ബി. ഗിരിജാകുമാരി, ഒ. മോഹനകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Latest News