Sorry, you need to enable JavaScript to visit this website.

രാമേട്ടന് പദ്മശ്രീ: വയനാട്ടില്‍ ആഹ്ളാദ തിരയിളക്കം

കല്‍പറ്റ-പാരമ്പര്യ നെല്ലിനങ്ങളുടെ സംരക്ഷകനും ജൈവ കര്‍ഷനുമായ കമ്മന ചെറുവയല്‍ രാമന്റെ പദ്മശ്രീ പുരസ്‌കാര നേട്ടത്തില്‍  വയനാട്ടില്‍ ആഹ്ളാദത്തിരയിളക്കം. 72 കാരനായ  രാമനെ പദ്മശ്രീ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത് അറിഞ്ഞ വയനാട്ടുകാരുടെയെല്ലാം മനസില്‍ പെയ്യുകയാണ് സന്തോഷ പൂമഴ. അര്‍ഹിക്കുന്ന അംഗീകാരമാണ് രാമനെ തേടിയെത്തിയതെന്നു അദ്ദേഹത്തെ അടുത്തറിയാവുന്നവരെല്ലാം പറയുന്നു.
പട്ടികവര്‍ഗത്തിലെ കുറിച്യ സമുദായാംഗമാണ് രാമന്‍. പരിമിതികളോടു പൊരുതി അറുപതിലേറെ തനതു നെല്‍വിത്തിനങ്ങള്‍ നെല്ലച്ഛനെന്നു അറിയപ്പെടുന്ന രാമന്‍ സംരക്ഷിക്കുന്നുണ്ട്. ചേന,ചേമ്പ്, പച്ചക്കറി വിത്തുകളുടെ സംരക്ഷകനുമാണ്. മൂന്നു ഏക്കര്‍ പാടത്ത് കൃഷിയിറക്കുന്ന രാമന്‍ പാരമ്പര്യ വിത്തിനങ്ങളുടെ സംരക്ഷണത്തിനു മാത്രം  ഒന്നര ഏക്കര്‍ നീക്കിവച്ചിട്ടുണ്ട്. നെല്‍കൃഷിയില്‍ ലാഭനഷ്ടങ്ങള്‍ നോക്കാറില്ല. ജീവിത നിയോഗം പോലെ പതിറ്റാണ്ടുകളായി വിതയും കൊയ്ത്തും നടത്തിവരികയാണ്. പത്താം വയസില്‍ ആരംഭിച്ചതാണ് വയല്‍മണ്ണുമായുള്ള രാമന്റെ സല്ലാപം.
പാരമ്പര്യ വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം സേവ്യര്‍ പുരസ്‌കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ  പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി പുരസ്‌കാരം തുടങ്ങിയവ  രാമനു ലഭിച്ചിട്ടുണ്ട്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന രാജ്യാന്തര സെമിനാറിലും  ആദിവാസികളുടെ സംസ്‌കാരവും ജീവിതവുമായി ബന്ധപ്പെട്ട്  ബ്രസീലില്‍ നടന്ന സമ്മേളനത്തിലും രാമന്‍ പങ്കെടുത്തിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല കൗണ്‍സില്‍ അംഗമാണ്. പൂര്‍വികരില്‍നിന്നു പകര്‍ന്നുകിട്ടിയ കൃഷി അറിവുകളുടെ പങ്കുവയ്പ്പിലും പ്രസിദ്ധനാണ് രാമന്‍. കമ്മനയിലെ രാമന്റെ കൃഷിയിടം ഇതിനകം സന്ദര്‍ശിച്ചവരില്‍ വിദേശ സര്‍വകലാശാലകളിലെ ഗവേഷകരും ഉള്‍പ്പെടും. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പുല്ലുമേഞ്ഞ വീട്ടിലാണ് രാമന്റെ  ലളിത ജീവിതം.  ഭാര്യ:ഗീത.

Latest News