കോഴിക്കോട് - മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും പേര് പറയാതെ, ഒരേ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായിരുന്ന രണ്ട് നേതാക്കളുടെ രണ്ട് ആൺമക്കളുടെ കഥയുമായി കോൺഗ്രസ് വക്താവ് ജയറാം രമേശിന്റെ ട്വീറ്റ്.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിന് തലവേദനയുണ്ടാക്കി, അവസാനം മുഴുവൻ പദവികളും രാജിവെച്ച എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയും താരതമ്യം ചെയ്താണ് ജയറാം രമേശ് ട്വീറ്റ്.
'ഒരാൾ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി നഗ്‌നപാദനായി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമ്പോൾ, മറ്റൊരാൾ തന്റെ കടമ മറന്ന് പ്രവർത്തിക്കുന്നു'വെന്നാണ് ട്വീറ്റ് വിമർശത്തിലെ ധ്വനി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ, കോൺഗ്രസ് നിലപാടിന് വിരുദ്ധമായി കേന്ദ്ര സർക്കാറിന് അനുകൂലമായി അനിൽ ആന്റണി പ്രതികരിച്ചിരുന്നു. ഇത് പാർട്ടിക്കകത്തും പുറത്തും വ്യാപകമായ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയതോടെ അനിൽ ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളും രാജിവെക്കുകയായിരുന്നു. കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന ഡിജിറ്റൽ മീഡിയയുടെ സുപ്രധാന ചുമതലയുണ്ടായിരുന്നെങ്കിലും ഭാരത് ജോഡോ യാത്ര ആരംഭിച്ച് രാജിവെക്കും വരേക്കും അദ്ദേഹം സ്വന്തം ഫേസ് ബുക്ക് വാളിലോ സമൂഹമാധ്യമത്തിലോ ഒരു പോസ്റ്റ് പോലും നടത്തിയിരുന്നില്ല. എന്നാൽ, രാജ്യത്തെ ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് മോദി സർക്കാർ ഗുജറാത്തിൽ വംശഹത്യ നടത്തിയതിനെക്കുറിച്ച് ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ സംഘപരിവാറിന്റെ കയ്യടി നേടാൻ അപക്വമായ പ്രതികരണത്തിന് മടിച്ചതുമില്ല. ഇതിനെതിരെ ചെറുതും വലുതുമായ എല്ലാ കോൺഗ്രസ് നേതാക്കളും സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപക വിമർശം ഉയർത്തിയെങ്കിലും തെറ്റ് തിരുത്താൻ അനിൽ ആന്റണി തയ്യാറായിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ ട്വീറ്റ് വിവിധ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നത്.






