Sorry, you need to enable JavaScript to visit this website.

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനു രക്ഷകരായി ബസ് ജീവനക്കാർ

പെരിന്തൽമണ്ണ-പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസിന് മുന്നിലുണ്ടായ അപകടത്തിൽ സമയോചിതമായി ഇടപെട്ട ബസ് ജീവനക്കാരുടെ നടപടി യുവാവിനെ തക്ക സമയത്തു ആശുപത്രിയിലെത്തിക്കാൻ വഴിവച്ചു. നെൻമാറയിൽനിന്നു കോഴിക്കോട്ടേക്ക് പോകുന്ന  'സന' ബസിലെ ഡ്രൈവർ മണ്ണാർക്കാട് അപ്പക്കണ്ടത്തിൽ ഉമ്മർ, കണ്ടക്ടർ കൈപ്പിയംകുന്ന് അനൂപ് എന്നിവരാണ് പരിക്കേറ്റ യുവാവിനെ യാത്രക്കാരുള്ള ബസിൽ തന്നെ  ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിനു പാതാക്കരയ്ക്കും പാണമ്പിക്കും ഇടയിലെ വളവിലായിരുന്നു അപകടം. മുന്നിലുള്ള ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിലിടിച്ചു. ഇതോടെ ബൈക്കിൽ നിന്നു യുവാവ് റോഡിലേക്കു തെറിച്ചുവീണു. തൊട്ടുമുന്നിൽ അപകട രംഗം കണ്ട 'സന' ബസ് ഡ്രൈവർ ഉമ്മർ ഉടൻ ബസിൽ നിന്നിറങ്ങി  പരിക്കേറ്റ് റോഡിൽ കിടക്കുന്ന യുവാവിനെ വാരിയെടുത്തു ബസിൽ കയറ്റുകയായിരുന്നു. താഴെക്കോട് കാപ്പുമുഖം മാട്ടുംകുഴി പ്രവീണി (25)നാണ് പരിക്കേറ്റത്. താടിയെല്ലിനും കൈക്കും സാരമായ പരിക്കുണ്ട്. ബസ് ഉടൻ സമീപത്തെ  ഇ.എം.എസ് സഹകരണ ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിച്ചു ബസ് ഡ്രൈവറും കണ്ടക്ടറും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  റോഡിൽ തെറിച്ചു വീണതിനാൽ യുവാവിനു ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബസ് പിന്നീട് സർവീസ് തുടർന്നു.  ബസ് ഉടമ അലനല്ലൂർ സ്വദേശി വട്ടത്തൊടി യൂനുസിനെ പിന്നീട് വിവരം അറിയിച്ചു. ബസ് ജീവനക്കാരുടെ പ്രവൃത്തിയെ യൂനുസ് അഭിനന്ദിച്ചു.
 

Latest News