ജിദ്ദ- ഹ്രസ്വ സന്ദർശനാർഥം സൗദിയിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർക്ക് ജിദ്ദയിൽ സ്വീകരണം നൽകി. ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിയും ജാമിഅ ഹികമിയ്യ ജിദ്ദ കമ്മിറ്റിയും സംയുക്തമായാണ് സ്വീകരണ സംഗമം സംഘടിപ്പിച്ചത്.
ജീവിത വഴിത്താരയിൽ എന്തു തരം പ്രതിസന്ധികളും പ്രലോഭനങ്ങളും ഉണ്ടായാലും സത്യത്തിന്റെ പാതയിൽ തന്നെ അടിയുറച്ചു നിൽക്കാൻ വിശ്വാസികൾ തയാറാവണമെന്നും സത്യത്തിനു മാത്രമേ അന്തിമ വിജയം ഉണ്ടാവുകയുള്ളൂ എന്നും പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞു. വർധിച്ചു വരുന്ന മൂലച്യുതിക്ക് കാരണം പ്രലോഭനങ്ങളാണെന്നും ഒരു തരത്തിലുള്ള പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ മാനുഷിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി. സത്യം അകതാരിൽ ഒളിപ്പിച്ചു വെക്കേണ്ടതല്ലെന്നും പ്രകടമായി പറയേണ്ടതാണെന്നും ജാമിഅ ഹികമിയ്യ ജനറൽ സെക്രട്ടറി കൂടിയായ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ കൂട്ടിച്ചേർത്തു.
സ്വീകരണ യോഗത്തിൽ ഐ.സി.എഫ് ജിദ്ദ സെൻട്രൽ പ്രസിഡന്റ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളായ അബ്ദുറഹിമാൻ മളാഹിരി, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുൽ നാസർ അൻവരി, മൊയ്തീൻകുട്ടി സഖാഫി യൂനിവേഴ്സിറ്റി, മുഹമ്മദ് അൻവരി കൊമ്പം, മുഹ്സിൻ സഖാഫി, മുഹ്യുദ്ദീൻ അഹ്സനി പയ്യന്നൂർ, നൗഫൽ എറണാകുളം, സാദിഖ് ചാലിയാർ, ജാബിർ നഈമി തുടങ്ങിയവർ സംബന്ധിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.






