സൗദിയിൽ കയറ്റുമതി രംഗത്ത് മൂന്നര ശതമാനം വളർച്ച

റിയാദ് - ഇക്കഴിഞ്ഞ നവംബറിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. നവംബറിൽ 112.8 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. 2021 നവംബറിൽ കയറ്റുമതി 109 ബില്യൺ റിയാലായിരുന്നു. ഏകദേശം നാലു ബില്യൺ റിയാലിന്റെ വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. നവംബറിൽ 90 ബില്യൺ റിയാലിന്റെ എണ്ണ കയറ്റി അയച്ചു. 
2021 നവംബറിൽ എണ്ണ കയറ്റുമതി 81 ബില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതിയിൽ 11.1 ശതമാനം വളർച്ച രേഖപ്പെടുത്തി. നവംബറിൽ പെട്രോളിതര കയറ്റുമതി 17.9 ശതമാനം തോതിൽ കുറഞ്ഞു. നവംബറിൽ 23 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. 2021 നവംബറിൽ ഇത് 28 ബില്യൺ റിയാലായിരുന്നു. പെട്രോളിതര കയറ്റുമതിയിൽ ഒരു മാസത്തിനിടെ അഞ്ചു ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 
നവംബറിൽ 62.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തു. 2021 നവംബറിൽ ഇറക്കുമതി 50 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ ഇറക്കുമതി 26 ശതമാനം (13 ബില്യൺ റിയാൽ) തോതിൽ വർധിച്ചു. നവംബറിൽ ആകെ വിദേശ വ്യാപാരം 175.5 ബില്യൺ റിയാലും വാണിജ്യ മിച്ചം 50.1 ബില്യൺ റിയാലുമാണ്. 
നവംബറിൽ ഇന്ത്യയിലേക്ക് 10.3 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും ഇന്ത്യയിൽ നിന്ന് മൂന്നു ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു. ഏറ്റവും വലിയ വാണിജ്യ പങ്കാളി എന്ന പദവി ചൈന നിലനിർത്തി. നവംബറിൽ ചൈനയിലേക്ക് 20.6 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ചൈനയിൽ നിന്ന് 14.4 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ജപ്പാനാണ്. ജപ്പാനിലേക്ക് 11.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഒരു മാസത്തിനിടെ കയറ്റി അയച്ചു. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. നാലാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 9.4 ബില്യൺ റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 5.5 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ നവംബറിൽ കയറ്റി അയച്ചു.  ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. അമേരിക്കയിൽ നിന്ന് 6.2 ബില്യൺ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 3.3 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. നാലാം സ്ഥാനത്ത് ഇന്ത്യയാണ്. അഞ്ചാം സ്ഥാനത്തുള്ള ജപ്പാനിൽ നിന്ന് 2.8 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളും നവംബറിൽ ഇറക്കുമതി ചെയ്തു. 

Tags

Latest News