റിയാദ് - ആറംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും സൗദി യുവാക്കളാണ്. കവര്‍ന്ന് കൈക്കലാക്കിയ ബൈക്കുകളില്‍ കറങ്ങി വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയാണ് സംഘം ചെയ്തിരുന്നത്. നിയമ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് പറഞ്ഞു.
ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട
ജിദ്ദ - ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. കാലിത്തീറ്റ ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 40,91,250 ലഹരി ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. ഖത്തറിലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വകുപ്പുമായി സഹകരിച്ചും സൗദിയിലെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തിയുമാണ് മയക്കുമരുന്ന് കടത്ത് ശ്രമം വിഫലമാക്കിയത്. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരനും ജോര്‍ദാനിയുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.