Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തെ പ്രധാനമന്ത്രിമാർ

വിവിധ നേതാക്കളുടെ പ്രധാനമന്ത്രിപദ മോഹമാണ് പ്രതിപക്ഷ ഐക്യത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. ഇവർ വേറിട്ട് മത്സരം നടത്തിയാൽ അതിന്റെ ഗുണം ഒടുവിൽ ബി.ജെ.പിക്ക് തന്നെ ലഭിക്കാനാണ് സാധ്യത.

 

ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. രണ്ടു ടേം പൂർത്തിയാക്കിയ ബി.ജെ.പി ക്യാമ്പ് വലിയ പ്രതീക്ഷയിലാണ്. മറുപക്ഷത്തെ ഭിന്നതകളാണ് ബി.ജെ.പിയുടെ സ്പനങ്ങൾക്ക് നിറം പകരുന്നത്. 2014, 19 വർഷങ്ങളിലേത് പോലെ അത്ര എളുപ്പം വിജയിക്കാനാവുന്ന സാഹചര്യമല്ലെന്നതാണ് യാഥാർഥ്യം. ഏറ്റവും ഒടുവിൽ നടന്ന രണ്ട് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാര്യമെടുക്കാം. ഗുജറാത്തും ഹിമാചൽ പ്രദേശും. ഇതിൽ പുതിയ നൂറ്റാണ്ടിലെ ഗുജറാത്തിനെ വിട്ടേക്കാം. അതൊരു പരീക്ഷണ ശാലയാണല്ലോ. ബി.ജെ.പി ഭരിച്ചിരുന്ന ഹിമാചൽ പ്രദേശ് കോൺഗ്രസ് നേടുകയും ചെയ്തു. കോൺഗ്രസ് ജയിക്കുമെന്ന പ്രതീതി വന്നതോടെ റിസോർട്ടുകൾ ബുക്ക് ചെയ്യാനുള്ള തിരക്കായിരുന്നു. എന്നാൽ നാൽപത് എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നു കണ്ടതോടെ ഓപറേഷൻ താമരയുടെ പദ്ധതി വേണ്ടെന്നു വെക്കുകകയായിരുന്നു. അത് കഴിഞ്ഞപ്പോഴതാ മുഖ്യമന്ത്രിയാവാൻ തയാറായി കോൺഗ്രസിന്റെ മൂന്ന് നേതാക്കൾ. ദേശീയ നേതൃത്വം ഇടപെട്ട് ഇതിനും പെട്ടെന്ന് പരിഹാരമുണ്ടാക്കാൻ സാധിച്ചു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുമായി ഈ തെരഞ്ഞെടുപ്പ് ഫലത്തിന് ബന്ധമില്ലെന്ന് പറയാമെങ്കിലും കോൺഗ്രസ്മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങവേ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ലഭിച്ച അപ്രതീക്ഷിത തിരിച്ചടി തന്നെയായിരുന്നു ഹിമാചലിലേത്. ഗുജറാത്തിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ ബി.ജെ.പിയുടെ ബി ടീമായ ആം ആദ്മി പാർട്ടിയും സി ടീമായ ഹൈദരാബാദുകാരനും  നിർണായക പങ്ക് വഹിച്ചുവെന്നും കാണാം. 


അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും ബി.ജെ.പിക്കും കോൺഗ്രസിനും നിർണായകമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാഗലാൻഡിൽ മാത്രമേ ബി.ജെ.പിക്ക് അൽപമെങ്കിലും പ്രതീക്ഷയുള്ളൂ. അതും പ്രാദേശിക കക്ഷികളുടെ സഹായത്തോടെ മാത്രം. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള ഏക സംസ്ഥാനമായ കർണാടകയിലെ കാര്യങ്ങളും അത്ര പന്തിയല്ല. ഹിജാബ് മുതൽ സകലമാന വിഷയങ്ങളുമെടുത്തിട്ട് സാമുദായിക ധ്രുവീകരണത്തിന് ആവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും ഭരണം നിലനിർത്താനാവുമോ എന്നതിൽ ഒരുറപ്പുമില്ല. മുമ്പെങ്ങുമില്ലാത്ത വിധം ഗ്രൂപ്പു വഴക്കുകളിൽ പെട്ടുഴലുകയാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി. 
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഈ മാസം  16, 17 തീയതികളിൽ ന്യൂദൽഹിയിൽ നടന്ന പാർട്ടി നിർവാഹക സമിതി  യോഗത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞത് കണ്ടില്ലേ. 2024 ൽ പൊതുതെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പാക്കണമെന്നാണ് അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതൽ കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു മുതിർന്ന അംഗങ്ങൾ തുടങ്ങി രാജ്യത്തുടനീളമുള്ള 350 ഓളം നേതാക്കൾ പങ്കെടുത്തതായിരുന്നു ഈ യോഗം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


'നമ്മൾ പ്രതിപക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാനും അധികാരത്തിലുള്ള സംസ്ഥാനങ്ങളെ അതിന്റെ അജയ്യമായ കോട്ടയായ സംസ്ഥാനമാക്കാനും പാർട്ടി പ്രവർത്തിക്കേണ്ടതുണ്ട്' സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് പരാജയത്തെ സൂചിപ്പിച്ചുകൊണ്ട് നദ്ദ പറഞ്ഞു. ബി.ജെ.പി എത്രമാത്രം ഗൗരവത്തോടെയാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ കാണുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. 
ബി.ജെ.പി മാത്രമല്ല, പ്രതിപക്ഷത്തെ പ്രധാന പാർട്ടികളും പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി. 
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു പുതിയ പാർട്ടിയും പുതിയ നയവും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം, പഞ്ചാബ്, ദൽഹി മുഖ്യമന്ത്രിമാരുൾപ്പെടെ അണിനിരന്ന വേദി ഖമ്മമിൽ സംഘടിപ്പിച്ച അദ്ദേഹം ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യമാണ് ഉന്നം വെക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന സംസ്ഥാനമായ തമിഴ്നാടിന്റെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ യോഗത്തിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.  കോൺഗ്രസുമായാണ് ഡി.എം.കെക്ക് കൂടുതൽ അടുപ്പമുള്ളത്. കോൺഗ്രസിനെ പരിഗണിക്കാതെയുള്ള പ്രതിപക്ഷ കൂട്ടായ്മയിൽ താൽപര്യമില്ലെന്ന് വ്യക്തമായി സൂചിപ്പിക്കുകയാണ് അഭാവത്തിലൂടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെയ്തത്.  ടി.ആർ.എസ് എന്ന തന്റെ പാർട്ടിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയതിലൂടെ പ്രതിപക്ഷ ഐക്യമുണ്ടായാൽ അതിന്റെ നേതൃസ്ഥാനം മറ്റാർക്കുമല്ലെന്ന് പറഞ്ഞിരിക്കുകയാണ് കെ. ചന്ദ്രശേഖരറാവു. ഇതിനെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇത് അംഗീകരിക്കുന്നില്ലെന്നത് അവരുടെ അസാന്നിധ്യത്തിലൂടെ വ്യക്തമായി.  മായാവതിയും റാവുവിന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കാതെ മാറിനിന്നു.


ബി.ജെ.പിക്ക് താരതമ്യേന സ്വാധീനം കുറവായ ദക്ഷിണേന്ത്യയിൽ പോലും പ്രതിപക്ഷ കക്ഷികൾക്ക് ഒന്നിച്ച് നിൽക്കാനാവുന്നില്ലെങ്കിൽ ഉത്തരേന്ത്യയിലെ കാര്യം പറയേണ്ടതില്ല.  ബി.ജെ.പി പൊതുശത്രുവാണെന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ യോജിപ്പുള്ളത്. എന്നാൽ സംസ്ഥാന തലത്തിൽ ഇതേ കക്ഷികൾ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ നേരിടാനുള്ള സാധ്യത വിരളമാണ്. ഇവർ വേറിട്ട് മത്സരം നടത്തിയാൽ അതിന്റെ ഗുണം ഒടുവിൽ ബി.ജെ.പിക്ക് തന്നെ ലഭിക്കാനാണ് സാധ്യത. 
 ബി.ജെ.പിയെ വിമർശിക്കുന്നതൊഴികെ മറ്റു കാര്യങ്ങളിൽ ഐക്യത്തിലെത്താൻ കഴിയാത്തതും വിവിധ നേതാക്കളുടെ പ്രധാനമന്ത്രിപദ മോഹവുമാണ് പ്രതിപക്ഷ ഐക്യത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. ഭിന്നതയുള്ള കാര്യങ്ങൾ മാറ്റിവെച്ച് ഒരു പൊതുമിനിമം പരിപാടിയുടെ പേരിൽ ഒന്നിക്കാൻ പ്രതിപക്ഷനിര ശ്രമം നടത്തേണ്ടതാണെന്ന ബോധം നേതാക്കൾക്കില്ല.  ശക്തമായ പ്രതിപക്ഷമില്ലാതെ വരുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിനും ജനാധിപത്യത്തിനും നല്ലതല്ല. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബി.ജെ.പി കണക്കുകൂട്ടുന്നതു പോലെ അനായാസമായി കടക്കാൻ കഴിയുന്നതല്ല മൂന്നാമൂഴമെന്നത് വേറെ കാര്യം.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ്. കന്യാകുമാരിയിൽ നിന്ന് തുടങ്ങി കശ്മീരിൽ ഇന്ത്യക്കാരെ ഒന്നിപ്പിക്കാനുള്ള രാഹുലിന്റെ യാത്ര അവസാനിക്കും. 


കഴിഞ്ഞ വർഷം സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച യാത്ര തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചാണ് ഇപ്പോൾ കശ്മീരിലെത്തിയത്. 
യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം.  യാത്രയിൽ സിപിഎം നേതാവ് സീതാറാം യെച്ചൂരി പങ്കെടുക്കില്ല.   പാർട്ടി കേരള ഘടകത്തിന്റെ ശക്തമായ പ്രതിഷേധമാണ് കാരണം. യാത്രയുടെ ആരംഭത്തിൽ സിപിഎമ്മിനെ അപമാനിച്ചതായി ചൂണ്ടിക്കാട്ടിയാണിത്.  എന്നാൽ കശ്മീരിലെ നേതാവ് യൂസുഫ് തരിഗാമി പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും ഒരുമിച്ചാണ് മത്സരിക്കുന്നത്. 
സമാപന സമ്മേളനത്തിൽ സിപിഐ പങ്കെടുക്കുന്നതിനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്നിങ്ങനെ പ്രതിപക്ഷ നിരയിലെ കരുത്തർ അണിചേരുന്നുണ്ട്. റിപ്പബ്‌ളിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും.
മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് യാത്രയിലുടനീളം രാഹുൽ ഗാന്ധി ഉയർത്തിയത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഹിന്ദു-മുസ്ലിം വിദ്വേഷം 24 മണിക്കൂറും പ്രചരിപ്പിക്കുകയാണ്. മാധ്യമങ്ങൾ സുഹൃത്താണ്, പക്ഷേ അത് ഒരിക്കലും നമ്മൾ പറയുന്നതിന്റെ യാഥാർത്ഥ്യം കാണിക്കുന്നില്ല. സ്റ്റേജിന്റെ പിന്നിൽ നിന്നുള്ള ഒരു ഗൂഢാലോചനയാണ് കാരണം. എന്നാൽ ഈ രാജ്യം ഒന്നാണ്, എല്ലാവരും സൗഹാർദത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതാണ് മഹാഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതും. 

Latest News