Sorry, you need to enable JavaScript to visit this website.

തദ്ദേശ പദ്ധതികളുടെ മറവിൽ ധൂർത്ത്

കല്ലട കനാൽ പദ്ധതി 17 കോടി രൂപയിൽ തുടങ്ങി 900 കോടിയിലെറെ ചെലവഴിച്ചിട്ടും എങ്ങും എത്തിയില്ല. പാതിവഴിയിൽ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. ഇതു തന്നെയാണ് ഒട്ടുമിക്ക പദ്ധതികളിലും സംഭവിക്കുന്നത്. താഴേത്തട്ടിലുള്ള ആസൂത്രണത്തിൽ കൂടുതൽ ഗൗരവത്തോടെയുള്ള സമീപനം ആവശ്യമാണ്.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അന്തിമമാക്കി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചത് നന്നായി.   ആസൂത്രണ കാര്യങ്ങൾ ഒരു വഴിപാട് പോലെയാണ് നടക്കുക. നഗരസഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ജനക്ഷേമകരമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് പലപ്പോഴും കഴിയാറില്ല. നിയമങ്ങളുടെ നൂലാമാലകളിൽപെട്ട് പണം പാഴായിപ്പോകുകയോ തട്ടിക്കൂട്ട് പരിപാടികൾക്കായി ദുർവ്യയം ചെയ്യുകയോ ചെയ്യുന്നത് സാധാരണമാണ്. ഭരണ സമിതികളുടെ കഴിവ് പോലെയിരിക്കും.
മികവുള്ളവർ പഞ്ചായത്തിലേക്കും നഗരസഭകളിലേക്കും മത്സരിക്കാൻ മുന്നോട്ട് വരാതിരിക്കുകയും രാഷ്ട്രീയക്കാർ തങ്ങളുടെ ചൊൽപടിക്ക് നിൽക്കുന്നവരെ ഈ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിന്റെ തിക്തഫലങ്ങൾ കേരളം പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങളിൽ പോയി അനുഭവ പരിചയമുള്ള ജനത സ്വന്തം നാട്ടിൽ പിന്നോക്കം നിൽക്കുന്ന നിലയാണിപ്പോഴുള്ളത്. നമ്മുടെ സർക്കാർ സംവിധാനങ്ങൾ അടിമുടി മാറ്റിയെഴുതപ്പെടേണ്ടതുണ്ട്.ജനകീയാസൂത്രണം എന്ന നിലയിൽ ചില പരീക്ഷണങ്ങൾ ഇവിടെ നടന്നുവെങ്കിലും ജനങ്ങൾ കൂടിയിരുന്ന് കോഴിയെയും പശുവിനെയും തൊഴുത്തും വീടും പങ്കിട്ടെടുക്കുന്നതിൽനിന്ന് ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പൊതുവായ വികസനത്തിന് ഇത് സഹായിച്ചുവെന്ന് പറയാനാവില്ല. അത്തരത്തിൽ കാഴ്ചപ്പാടുണ്ടായിരുന്നവർ ഉണ്ടായിരുന്നോയെന്ന് സംശയമാണ്.


ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25 ന് മുൻപും ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ മാർച്ച് മൂന്നിന് മുൻപും അന്തിമ വാർഷിക പദ്ധതി സമർപ്പിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിട്ടുള്ളത്.  സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിക്കുമ്പോൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാകുന്ന യഥാർഥ വിഹിതം അറിയാനാകും. ഈ തുകയെ അടിസ്ഥാനമാക്കി വാർഷിക പദ്ധതി അന്തിമമാക്കുകയാണെങ്കിൽ പദ്ധതി നടത്തിപ്പ് കൂടുതൽ സുഗമമായി നിർവഹിക്കാനാകുമെന്ന് കണ്ടാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. തീർച്ചയായും ഇത് കുറേയൊക്കെ പദ്ധതി രൂപീകരണത്തിന് സഹായകമായേക്കുമെന്നാശിക്കാം. എന്നാൽ ഇതുകൊണ്ടു മാത്രം കാര്യമില്ലെന്നോർക്കണം. കിട്ടുന്ന പണം ചെലവഴിക്കാനുള്ള വ്യാജ പദ്ധതികളായി നമ്മുടെ പദ്ധതികൾ തരംതാഴരുത്.
പ്രയോജന രഹിതമായ പദ്ധതികൾക്ക് വേണ്ടി നമ്മുടെ സമ്പത്ത് ധൂർത്തടിച്ചു കളയുന്ന സ്ഥിതിയാണ് പലപ്പോഴും സംഭവിക്കുന്നത്. ഇതിന്റെ അർത്ഥം എല്ലാം മോശമായാണ് നടക്കുന്നതെന്നല്ല. ചില പഞ്ചായത്തുകളും നഗരസഭകളും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ ഒരു വളർച്ച പൊതുവിൽ എങ്ങനെ പ്രായോഗികമായി നടപ്പാക്കാമെന്ന് ഇനിയും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. പണത്തിന്റെ കുറവല്ല ഇവിടെ വികസനം തടസ്സപ്പെടുത്തുന്നത്. ശരിയായ ആസൂത്രണത്തിന്റെ പോരായ്മയാണ്. വികസനത്തോടുള്ള നമ്മുടെ സമീപന രീതിയാണ്. കക്ഷിരാഷ്ട്രീയത്തിലെ കുഴപ്പങ്ങളാണ്.
തൊഴിലില്ലായ്മ കൂടിയ ഒരു സംസ്ഥാനത്ത് നടപ്പാക്കേണ്ട തരത്തിലുള്ള ആസൂത്രണമാണ് ഇവിടെ നടത്തേണ്ടത്. യൂറോപ്പിനെയോ ഗൾഫ് രാജ്യങ്ങളെയോ നമ്മൾ മാതൃകയാക്കേണ്ടതില്ല. ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണം. ഇതിന് ഉപകരിക്കുന്ന പദ്ധതികൾ ഉണ്ടാകണം. കേരളം തൊട്ടതിനും പിടിച്ചതിനും അയൽസംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുന്നയിടമാണ്. ജനങ്ങൾ വിദേശത്ത് പോയി തൊഴിലെടുക്കാൻ വിധിക്കപ്പെടുന്നു. വലിയ വികസന സാധ്യതയുള്ള സംസ്ഥാനം എന്തുകൊണ്ടാണ് പിന്നോക്കം പോകുന്നതെന്ന് വിശദമായി പഠിച്ച് ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പുതുതലമുറ ജീവിക്കാൻ പുറത്തേക്ക് പോകേണ്ട സ്ഥിതി തുടരും.
ഇവിടെ കാര്യങ്ങളെല്ലാം തലതിരിഞ്ഞ നിലയിലാണ് പോകുന്നത്. വാർഷിക പദ്ധതിയുടെ കാര്യം തന്നെ നോക്കുക. മുൻവർഷങ്ങളിൽ തൊട്ടു മുൻപത്തെ വർഷത്തെ വിഹിതത്തെ അടിസ്ഥാനമാക്കി ആദ്യം വാർഷിക പദ്ധതി തയാറാക്കുകയും പിന്നീട് യഥാർഥ വിഹിതമനുസരിച്ച് പദ്ധതി പരിഷ്‌കരിക്കുകയുമായിരുന്നു. പദ്ധതി തയാറാക്കുന്നതിന് അടിസ്ഥാനമായ തുകയും ലഭ്യമായ തുകയും തമ്മിൽ വ്യതിയാനമുണ്ടായത് ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞ വർഷങ്ങളിൽ ബുദ്ധിമുണ്ടാക്കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് ബജറ്റിലെ യഥാർഥ വിഹിതം അറിഞ്ഞതിന് ശേഷം പദ്ധതി അന്തിമമാക്കിയാൽ മതിയെന്ന് ജനുവരി ഒൻപതിന് ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. 
അതിദാരിദ്ര്യ നിർമാർജനം, മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനം, സംരംഭങ്ങളും തൊഴിൽ സൃഷ്ടിയും തുടങ്ങിയ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാകണം വാർഷിക പദ്ധതി തയാറാക്കേണ്ടതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ ജനജീവിതത്തെ കാര്യമായി സഹായിച്ചേക്കും. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമായി നടക്കുമെന്ന് കണ്ടറിയണം.
 ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25 നുള്ളിൽ വാർഷിക പദ്ധതി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കണം. മാർച്ച് മൂന്നിനകം പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകും. ഗ്രാമപഞ്ചായത്തുകൾ കേന്ദ്ര സർക്കാരിന്റെ ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകൾ മാർച്ച് എട്ടിനുള്ളിൽ അപ്ലോഡ് ചെയ്യണം. ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾക്ക് മാർച്ച് മൂന്ന് വരെയാണ് വാർഷിക പദ്ധതി തയാറാക്കി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള സമയം. മാർച്ച് ഏഴിനകം പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകും. ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ മാർച്ച് 10 നകം ആവശ്യമായ പ്രോജക്ടുകൾ അപ്ലോഡ് ചെയ്യണം. ഇങ്ങനെയാണ് ഇപ്പോൾ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്.
കേരളം ചെറിയൊരു സംസ്ഥാനമാണെങ്കിലും വൈവിധ്യത്തിൽ വളരെ മുന്നിലാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തിയുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത്.  അഞ്ചു വർഷം ഭരിക്കുന്ന ഭരണ സമിതി തങ്ങളുടെ കാലത്ത് എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ട് പോകുന്നതാണ് പതിവ്. പിന്നീട് വരുന്നവർ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നതാണ് പതിവ് ശൈലി. ഇതിന് ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല. സുസ്ഥിരമായൊരു വികസന സങ്കൽപം വാചകങ്ങളിലല്ലാതെ ഇവിടെയുണ്ടോയെന്ന് സംശയമാണ്. 
എത്ര പണം മുടക്കിയാലും അതൊന്നും ഫലം കാണാത്ത സ്ഥിതിയാണ്. അഴിമതിയുടെ കൂത്തരങ്ങാണ് നടക്കുന്നത്. ഇതിന് ഇന്നും പരിഹാരം കാണാനാവുന്നില്ല. കടം മേടിച്ച് നാടു മുടിയുകയാണ്. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിലനിൽക്കുന്ന അഴിമതി ഇന്നും നമ്മുടെ ശാപമാണ്. അഴിമതി ഇന്ന് വാർത്ത പോലും ആകുന്നില്ല. കല്ലട കനാൽ പദ്ധതി 17 കോടി രൂപയിൽ തുടങ്ങി 900 കോടിയിലെറെ ചെലവഴിച്ചിട്ടും എങ്ങും എത്തിയില്ല. പാതിവഴിയിൽ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. ഇതു തന്നെയാണ് ഒട്ടുമിക്ക പദ്ധതിയിലും സംഭവിക്കുന്നത്. താഴേത്തട്ടിലുള്ള ആസൂത്രണത്തിൽ കൂടുതൽ ഗൗരവത്തോടെയുള്ള സമീപനം ആവശ്യമാണ്.

Latest News