ഖുർആൻ കത്തിച്ചതിൽ അറബ് ലോകത്ത് പ്രതിഷേധം ശക്തമാകുന്നു

മുസ്ഹഫ് കത്തിച്ചത് പ്രകോപനപരം - സൗദി ഇസ്‌ലാമികകാര്യ മന്ത്രി

റിയാദ് - സ്വീഡനിൽ തീവ്രവലതുപക്ഷ കക്ഷി നേതാവ് വിശുദ്ധ മുസ്ഹഫ് കോപ്പി കത്തിച്ചതിലും നെതർലാന്റ്‌സിലെ ഹേഗിൽ തീവ്രവാദികളിൽ ഒരാൾ വിശുദ്ധ ഖുർആൻ കോപ്പി പിച്ചിച്ചീന്തിയതിലും അറബ്, മുസ്‌ലിം ലോകത്ത് പ്രതിഷേധം വ്യാപകമാകുന്നു. നിരവധി രാജ്യങ്ങളും സംഘടനകളും ഈ അനിഷ്ട സംഭവങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ നടപടികൾ സ്വീകരിക്കണമെന്നും നിയമ നിർമാണം നടത്തണമെന്നും മുസ്‌ലിം നേതാക്കൾ ആവശ്യപ്പെട്ടു.
സ്വീഡനിൽ തീവ്രവലതുപക്ഷ കക്ഷി നേതാവ് വിശുദ്ധ മുസ്ഹഫ് കോപ്പി കത്തിച്ചതും നെതർലാന്റ്‌സിലെ ഹേഗിൽ തീവ്രവാദികളിൽ ഒരാൾ വിശുദ്ധ ഖുർആൻ കോപ്പി പിച്ചിച്ചീന്തിയതും പ്രകോപനപരവും അപലപനീയവുമാണെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. വിദ്വേഷവും അക്രമവും നിരാകരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത്തരം കുത്സിത പ്രവർത്തനങ്ങൾ തുരങ്കംവെക്കും. വിശുദ്ധ മുസ്ഹഫ് കോപ്പി കത്തിക്കുന്നതും പിച്ചിച്ചീന്തുന്നതും, മുസ്‌ലിംകൾ ഖുർആൻ മുറുകെ പിടിക്കുന്നതും അതിൽ നിന്നുള്ള വെളിച്ചവും മാർഗദർശനവും പാലിക്കുന്നതും, വിദ്വേഷം നിരാകരിക്കണമെന്ന ആഹ്വാനവും വർധിപ്പിക്കുക മാത്രമാണ് ചെയ്യുക. ചില തീവ്രവാദികളും വംശീയവാദികളും നടത്തുന്ന പ്രകോപനപരമായ കാര്യങ്ങളെ വിവേകമുള്ള എല്ലാ ആളുകളും അപലപിക്കുന്നു. വിദ്വേഷവും അക്രമവും ചെറുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. 
നെതർലാന്റ്‌സിലെ ഹേഗിൽ തീവ്രവാദികളിൽ ഒരാൾ വിശുദ്ധ മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തിയതിനെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ശക്തിയായ ഭാഷയിൽ അപലപിച്ചു. അക്രമത്തിനും മതനിന്ദക്കും പ്രേരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗമായ ഇത്തരം തീവ്രവാദപരവും പ്രകോപനപരവുമായ പ്രവൃത്തികളെ അപലപിക്കുന്നതായി ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് പറഞ്ഞു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുസ്‌ലിംകൾക്കെതിരെ മതഭ്രാന്തും വിദ്വേഷവും തുടരുന്നതിൽ ഒ.ഐ.സി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ചെറുക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാറുകൾ സ്വീകരിക്കണം. ലോകത്ത് സമാധാനവും സൗഹൃദവും കൈവരിക്കുന്നതിന് മതങ്ങളും സംസ്‌കാരങ്ങളും നാഗരികതകളും തമ്മിലുള്ള സംവാദവും സഹകരണവും ധാരണയും പ്രോത്സാഹിപ്പിക്കേണ്ടതും വിദ്വേഷവും തീവ്രവാദവും നിരാകരിക്കേണ്ടതും പ്രധാനമാണെന്നും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 
ഹേഗിൽ തീവ്രവാദികളിൽ ഒരാൾ വിശുദ്ധ മുസ്ഹഫ് കോപ്പി കീറിക്കളഞ്ഞത് ലോക മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും പ്രകോപനപരവുമാണെന്ന് മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) പറഞ്ഞു. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്‌ലിം പണ്ഡിത കൂട്ടായ്മാ പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അൽഈസ സംഭവത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു. തീവ്രവാദ അജണ്ടകൾക്ക് മാത്രം ഗുണകരവും വിദ്വേഷജനകവുമായ പ്രവൃത്തികളുടെയും മതവികാരം വ്രണപ്പെടുത്തുന്നതിന്റെയും അപകടങ്ങൾക്കെതിരെ റാബിത്വ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികളുടെ അപകടങ്ങളെ കുറിച്ച് എല്ലാവർക്കും അവബോധമുണ്ടാകണം. ഇത്തരം ചെയ്തികളെ നേരിടുന്നതിൽ എല്ലാവരും ഉറച്ചുനിൽക്കുകയും വേണം. ഇതുപോലുള്ള അശ്രദ്ധമായ ചെയ്തികൾ സ്വാതന്ത്ര്യത്തെ കുറിച്ച ആശയത്തിനും അവയുടെ മാനുഷിക മൂല്യങ്ങൾക്കും അപകീർത്തിയുണ്ടാക്കുന്നു. ഇത്തരം ക്രൂരമായ പ്രവൃത്തികൾ മുസ്‌ലിംകളുടെ വിശ്വാസവും, സമാധാനവും സഹവർത്തിത്വവും ആവശ്യപ്പെടുന്ന മൂല്യങ്ങളിലുള്ള സ്ഥിരതയും വർധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും ശൈഖ് ഡോ. മുഹമ്മദ് അൽഈസ പറഞ്ഞു. 
ഹേഗിൽ തീവ്രവാദികളിൽ ഒരാൾ വിശുദ്ധ മുസ്ഹഫ് പിച്ചിച്ചീന്തിയതിനെ സൗദി ഉന്നത പണ്ഡിതസഭയും അപലപിച്ചു. ഈ ക്രൂരമായ പെരുമാറ്റം അപലപനീയമാണ്. ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെയും അപമാനിക്കുന്നതാണിത്. ആവർത്തിച്ച് നടത്തുന്ന ഇത്തരം ചെയ്തികളെ ലോകം മുഴുവൻ അപലപിക്കണം. സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുൻനിർത്തി ഇത്തരം ചെയ്തികളെ കുറ്റകരമാക്കുന്ന നിയമങ്ങൾ നിർമിക്കണമെന്നും ഉന്നത പണ്ഡിതസഭ ആവശ്യപ്പെട്ടു.
ഖുൻആൻ കോപ്പി കീറിയതിനെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫും അപലപിച്ചു. ഇത് ലോക മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. തള്ളിക്കളയേണ്ട ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. കുവൈത്തും ഖത്തറും ജോർദാനും അടക്കം നിരവധി അറബ്, മുസ്‌ലിം രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. 
 

Tags

Latest News