നിപ്പാ വൈറസിനെ തുരത്താന്‍ ഓസ്‌ട്രേലിയന്‍ മരുന്നെത്തുമോ?

തിരുവനന്തപുരം- വൈറസ് രോഗബാധ തടയാന്‍ ഓസ്‌ട്രേലിയ വികസിപ്പിച്ചെടുത്ത മരുന്ന് നിപ്പാ വൈറസിനെ തുരത്താന്‍ കേരളത്തിലെത്തിക്കാന്‍ ശ്രമം. കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നിന്നും മരുന്നെത്തിക്കാന്‍ സഹായം തേടി ആരോഗ്യ വകുപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനെ സമീപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയില്‍ ഹെന്‍ഡ്ര വൈറസ് ബാധയേറ്റവരില്‍ പ്രയോഗിച്ച മോണോക്ലോണല്‍ ആന്റിബോഡീസ് എം 102.4 എന്ന മരുന്നാണ് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു. നിപ്പാ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാനും ഈ മരുന്ന് ഫലപ്രദമാണ്. ഈ മരുന്ന് കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ചര്‍ച്ച നടത്തി. ഓസ്‌ട്രേലിയന്‍ അധികൃതരേയും ബന്ധപ്പെട്ടിട്ടുണ്ട്്. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിലൂടെ പെട്ടെന്ന് മരുത്ത് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ നിപ്പാ ബാധിതര്‍ക്ക് നല്‍കുന്ന മരുന്ന് മലേഷ്യയില്‍ നിന്നെത്തിച്ചതാണ്. റൈബവൈറിന്‍ എന്ന ഈ മരുന്ന് പൂര്‍ണമായും ഫലപ്രദമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ മരുന്ന് തേടുന്നത്.
 

Latest News