ലഖ്‌നൗവില്‍ നാലുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നാലുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ വസീര്‍ ഹസന്‍ഗഞ്ച് റോഡിലാണ് സംഭവം. പോലീസും എന്‍.ഡി.ആര്‍.എഫ്. സംഘവും സംഭവ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. എട്ടോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കേ ഇന്ത്യയില്‍ നേരത്തെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെട്ടിടം തകര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം.
നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഭൂചലനത്തില്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. വ്യക്തമാക്കുന്നു.

 

Latest News