തുറൈഫ്- സ്വദേശികളുടെ ഇഷ്ട വിഭവമായ ഫഖാ വാങ്ങിക്കാനായി മാർക്കറ്റിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. ഫഖായുടെ കൂട്ടത്തിൽ ഏറ്റവും മുന്തിയ ഇനമായ 'സുബൈദി'യ്ക്കാണ് ഉപഭോക്താക്കൾ കൂടുതൽ. തുറൈഫ് നഗരത്തിന്റെ സമീപ മരുഭൂമികളിൽ നിന്നും ശേഖരിച്ചാണ് ഫഖാ മാർക്കറ്റിൽ എത്തിക്കുന്നത്. ഒരു ചെടിയുടെ താഴെ ഭൂമി വിണ്ടുകീറി കിടക്കുന്നത് കണ്ടാൽ അതിനർഥം അവിടെ ഒരു ഫഖായുണ്ട് എന്നതാണ്.
ഇതിനായി ഉദ്യോഗസ്ഥരിൽ പലരും ലീവ് എടുത്ത് മരുഭൂമിയിൽ പോകുന്നത് പതിവാണ്. ഒരു കിലോയ്ക്ക് 350 റിയാൽ വിലയാണ് ഈടാക്കുന്നത്. രണ്ട് കിലോഗ്രാമുള്ള ഒരു കീസിന് 700 റിയാൽ നിരക്കിലാണ് വിൽപന. അതാത് ദിവസങ്ങളിൽ കിട്ടുന്നത് വൈകുന്നേരമാകുന്നതോടെ മാർക്കറ്റിൽ എത്തിച്ച് വിൽപന നടത്തുന്നു. ചില ഘട്ടങ്ങളിൽ ലേലവും നടത്തുന്നു. ഇതിന്റെ സ്വാദും കൂടാതെ ലൈംഗിക ശേഷി വർധനവ് ഉൾപ്പെടെ പല ഗുണങ്ങളും ഉണ്ടെന്നതാണ് ജനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.






