റിയാദ് കേളി ഇടപെടൽ തുണയായി; രോഗിയായ ആപ്പിൾ ഖാൻ നാടണഞ്ഞു

റിയാദ്- ഗുരുതര രോഗ ബാധിതനായ കൊൽക്കത്ത സ്വദേശിയെ കേളിയുടെ കൈത്താങ്ങിൽ നാട്ടിലെത്തിച്ചു. നാലു വർഷം മുൻപ് റിയാദിൽ ജോലിക്ക് എത്തിയ ആപ്പിൾ ഖാൻ (40) സ്‌പോൺസറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അൽഖർജിൽ എത്തി മറ്റൊരു ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ ഇദ്ദേഹത്തിന് ഗുരുതരമായ ഉദരരോഗം പിടിപെടുകയും അൽഖർജിലുള്ള കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. 
ശസ്ത്രക്രിയയെ തുടർന്നുള്ള ആശുപത്രി ചികിത്സാ സാമ്പത്തിക ഭാരം താങ്ങാൻ കഴിയാതെ ഹോസ്പിറ്റലിൽ നിന്നും തിരിച്ചുവന്ന് സുഹൃത്തിന്റെ കൂടെ താമസിച്ചു വരികയായിരിന്നു. എന്നാൽ ഓപ്പറേഷൻ ചെയ്ത ഭാഗം ഇൻഫെക്ഷൻ മൂലം വ്രണമായി ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. 
തുടർന്ന്, കേളി കലാ സാംസ്‌കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരോട് അദ്ദേഹം സഹായം അഭ്യർഥിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ അൽദോസരി ക്ലിനിക്കിലെ ഡോ.അബ്ദുൽ നാസർ ആപ്പിൾ ഖാന് ആവശ്യമായ ചികിത്സ നൽകുകയും കേളിയുടെ അഭ്യർഥന പ്രകാരം ഇന്ത്യൻ എംബസി ഇടപെട്ട് ആപ്പിൾ ഖാന്റെ യാത്രാ രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു. ശേഷം യാത്രയ്ക്ക് ആവശ്യമായ വിമാന ടിക്കറ്റ് ആപ്പിൾ ഖാന് നൽകി കേളി അൽഖർജ് ഏരിയ കമ്മിറ്റി അദ്ദേഹത്തെ നാട്ടിലേക്കയച്ചു.

Tags

Latest News