Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജെ.എൻ.യുവിൽ സംഘർഷാവസ്ഥ: ഡോക്യുമെന്ററി പ്രദർശനത്തിനിടെ വിദ്യാർത്ഥികൾക്കു നേരെ കല്ലേറ്, പ്രതിഷേധം

ന്യൂദൽഹി - ഗുജറാത്ത് വംശഹത്യക്കു പിന്നിലെ കറുത്ത കരങ്ങളെ വ്യക്തമാക്കുന്ന വിവാദമായ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ദൽഹി ജവഹർ ലാൽ നെഹ്‌റു സർവ്വകലാശാല ക്യാംപസിൽ സംഘർഷം. ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ ലാപ്പ്‌ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്ററി കാണവെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എ.ബി.വി.പി പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആദ്യം ഒളിഞ്ഞുനിന്ന് കല്ലെറിഞ്ഞവർ പിന്നീട് അടുത്തേക്ക് എത്തി കല്ലേറ് നടത്തിയെന്നും അനുഭവസ്ഥർ പറഞ്ഞു. സംഭവത്തിൽ സർവ്വകലാശാല അധികൃതർക്ക് പരാതി നൽകുമെന്നും പറഞ്ഞു. 
 കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനവുമായി ക്യാംപസിന് പുറത്തേക്ക് പോയി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ ആരേയും അനുവദിക്കരുതെന്നും സത്യം മറച്ചുപിടിക്കാനാണ് ഇരുട്ടിന്റെ ശക്തികൾ ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. 
 ജെ.എൻ.യു ക്യാംപസിൽ ചൊവ്വാഴ്ച രാത്രി 9 മണിക്കാണ് ഡോക്യുമെന്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതോടെ ഡോക്യുമെന്ററി പ്രദർശനത്തിനായി ഒത്തുകൂടിയ വിദ്യാർത്ഥികൾ സ്വന്തം മൊബൈൽ ഫോണുകളിലും ലാപ്പ് ടോപ്പുകളിലുമായി ഒന്നിച്ചിരുന്ന് ഡോക്യുമെന്ററി കാണാനാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായത്. 
 അതേസമയം, ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്യാംപസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
'2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ ജെ.എൻ.യു.എസ്.യുവിന്റെ പേരിൽ ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്‌സിറ്റി ക്യാംപസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കിൽ യൂണിവേഴ്‌സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും' എന്നാണ് രജിസ്ട്രാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

Latest News