സൗദിയില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹ മൊഴികളുമായി പ്രതി; പെണ്‍കെണിയെ കുറിച്ചും സൂചന

മുഹമ്മദാലി

ജുബൈല്‍-  മലപ്പുറം പുലാമന്തോള്‍  കട്ടുപാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് നടത്തിയ തെളിവെടുപ്പില്‍ ദുരൂഹ മൊഴികളുമായി പ്രതി.ഓണ്‍ലൈന്‍ സെക്‌സിന്റെ ചതിയില്‍ പെട്ട  മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാല്‍ കുത്തേറ്റതാണെന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജെംസ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബര്‍ ക്യാമ്പില്‍ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയില്‍ കണ്ട പ്രതിയെ പോലീസ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില ഭേദപ്പെട്ടതോടെ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി മൊഴിയെടുക്കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍  വഴി പരിചയപ്പെട്ട ആയിഷ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവര്‍ തന്നില്‍ നിന്ന് പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ് മഹേഷിന്റെ മൊഴി. സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുന്നത് കണ്ട മുഹമ്മദാലി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നുവെന്നും മഹേഷ് പറയുന്നു.
അതേസമയം, മുഹമ്മദലിയുമായി വാക്കേറ്റം ഉണ്ടായെന്നും  പ്രതി മഹേഷ് മുഹമ്മദലിയെ കത്തിയെടുത്ത് കുത്തിയെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുത്ത് കൊണ്ട മുഹമ്മദാലി പുറത്തേക്കു ഓടി അടുത്ത മുറിക്കു മുന്‍വശം രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. ഇതിനു ശേഷമാണ് മഹേഷ് ആത്മഹത്യക്കുശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മുഹമ്മദലിയെ കുത്തിയ മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് മഹേഷ് ആദ്യം നല്‍കിയ മൊഴി. അതില്‍നിന്ന് വ്യത്യസ്തമാണ് പുതിയ വെളിപ്പെടുത്തല്‍.   
കഴിഞ്ഞ ആറു മാസമായി ആയിഷയുമായി ബന്ധമുണ്ടെന്നു മഹേഷ് പറയുന്നു. മുപ്പതിനായിരം രൂപ  ആവശ്യപ്പെട്ടതനുസരിച്ച് ഗൂഗിള്‍ പേ വഴിയും ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയും പലപ്പോഴായി നല്‍കിയിരുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ടു നിരന്തരം പിന്തുടരുന്നു. ഈ സ്ത്രീ നാട്ടില്‍ തന്റെ വീട് തേടിപ്പിടിച്ചു അവിടെ എത്തുകയും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടില്‍ പോകാന്‍ പോലും അനുവദിക്കാതെ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ രക്ത സമ്മര്‍ദ്ദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് മുഹമ്മദാലി ബാത്ത് റൂമിലേക്ക് പോയ സമയത്താണ് താന്‍ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ബാത്ത് റൂമില്‍ നിന്നും പുറത്തിറങ്ങിയ മുഹമ്മദാലി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് എന്താണുണ്ടായതെന്ന് തനിക്കു ഓര്‍മ്മയില്ലെന്നുമാണ് മഹേഷ് പോലീസിനോട്  പറഞ്ഞത്. മഹേഷിന്റെ അടിവയറിലും നെഞ്ചിലും കഴുത്തിലും ഉള്‍പ്പടെ അഞ്ചിടത്ത് കുത്തേറ്റ പാടുകളുണ്ട്. കുത്താന്‍ ഉപയോഗിച്ച കത്തി കട്ടിലിനടിയില്‍നിന്നും പോലീസ് കണ്ടെടുത്തു. മുഹമ്മദാലി മരിച്ച കാര്യം അറിയുമോ എന്നാ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടിയെന്ന് പരിഭാഷകരായി പോയ അബ്ദുല്‍ കരീം ഖാസിമി, സലിം ആലപ്പുഴ എന്നിവര്‍ പറയുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനു നാട്ടില്‍ നിന്നും കുടുംബത്തിന്റെ അനുമതി പത്രം സാമൂഹ്യ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഒട്ടുമ്മലിന്റെ പേരില്‍ ലഭിച്ചിട്ടുണ്ട്. ബാക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു എംബസ്സിയുമായി ബന്ധപ്പെട്ടു മൃതദേഹം ഖബറടക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News