റിയാദ്- കഴിഞ്ഞ വർഷം മധ്യത്തിൽ പ്രഖ്യാപിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രത്തിൽ 60,000 കോടിയിലേറെ റിയാലിന്റെ പദ്ധതികൾ അടങ്ങിയിരിക്കുന്നതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽ ജാസിർ വെളിപ്പെടുത്തി. നഗരസഭാ നിക്ഷേപ ഫോറത്തിൽ 'സൗദി നഗരങ്ങളുടെ വികസനത്തിൽ നിക്ഷേപങ്ങളുടെ പങ്ക്' എന്ന ശീർഷകത്തിൽ നടന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ നിക്ഷേപ പദ്ധതികൾ നടപ്പാക്കാൻ വിവിധ ധനസഹായ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണ്. ഈ സ്രോതസ്സുകളിൽ പ്രധാനം സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തമാണ്. ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രത്തിൽ ഉൾപ്പെടുത്തിയ പദ്ധതികൾ നടപ്പാക്കുന്നതിൽ സ്വകാര്യ മേഖലയ്ക്ക് ആകർഷകമായ അവസരങ്ങളുണ്ട്. ജിദ്ദയെയും റിയാദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാതാ നിർമാണത്തിൽ 11 ബഹുരാഷ്ട്ര കമ്പനികൾ പങ്കാളിത്തം വഹിക്കുന്നു. പദ്ധതി നടപ്പാക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ അടങ്ങിയ കൺസോർഷ്യത്തിന് ചൈനീസ് കമ്പനിയാണ് നേതൃത്വം നൽകുന്നത്.
പദ്ധതി ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പദ്ധതിയുടെ രൂപകൽപന പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ അന്തിമ ചെലവുകളെ കുറിച്ചും പദ്ധതി നടപ്പാക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നതിനെ കുറിച്ചും നിലവിൽ ചർച്ചകൾ നടന്നു വരികയാണെന്ന് എൻജിനീയർ സ്വാലിഹ് അൽ ജാസിർ പറഞ്ഞു. ചെങ്കടലിനെ സൗദിയിലെ നിലവിലെ റെയിൽവേ ശൃംഖല വഴി ഗൾഫ് റെയിൽവേയുമായി ബന്ധിപ്പിക്കാനാണ് കര പാലം (ലാന്റ് ബ്രിഡ്ജ്) പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ജിദ്ദ, റിയാദ് റെയിൽപാതാ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
സൗദി സമ്പദ്വ്യവസ്ഥയുടെ വലിയ ഒരു അനുപാതം ഇപ്പോഴും എണ്ണയെയും ഖനനത്തെയും ജുബൈലിലെയും യാമ്പുവിലെയും ഇൻഡസ്ട്രിയൽ സിറ്റികളെയും ആശ്രയിച്ചിരിക്കുന്നതായി സെഷനിൽ പങ്കെടുത്ത് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ഇതിൽ രാജ്യം അഭിമാനിക്കുന്നു. എന്നാൽ, മറ്റു വൻകിട വ്യാവസായിക രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ നഗരങ്ങളുടെ ഉൽപാദനക്ഷമതയും ആളോഹരി ഉൽപാദന ക്ഷമതയും കുറവാണ്. വ്യക്തിയുടെ ഉൽപാദനക്ഷമതയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർത്തുന്നതിനെ അവലംബിച്ച് പുതിയ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്ന ഒരു നിർണായക ഘടകമാണ് ഇന്ന് നഗരങ്ങൾ.
മികച്ച ആഗോള നഗരങ്ങളുമായി താരതമ്യപ്പെടുത്താവുന്ന, ഭവന ചാലകങ്ങളിൽ നിന്ന് സാമ്പത്തിക ചാലകങ്ങളിലേക്ക് സൗദിയിലെ നഗരങ്ങളെ മാറ്റുന്ന ഇന്ധനമാണ് നിക്ഷേപം. കഴിഞ്ഞ ദശാബ്ദങ്ങളിൽ ഗ്രാമവും ഗ്രാമീണമായ കാർഷിക സ്വഭാവവും മേൽച്ചിൽപുറങ്ങളും ആധിപത്യം പുലർത്തുന്ന ഒരു രാജ്യത്തു നിന്ന് പ്രധാന നഗരങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുമായി താരത്യമപ്പെടുത്താവുന്ന ഒരു രാജ്യമായി സൗദി അറേബ്യ മാറി. ഇതിൽ അഭിമാനിക്കുന്നതായും നിക്ഷേപ മന്ത്രി പറഞ്ഞു.






