എക്‌സിറ്റിൽ പോയാലും ഡ്രൈവിംഗ് ലൈസൻസ് റദ്ദാകില്ല 

റിയാദ്- ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടുപോകുന്ന ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സന്തോഷ വാർത്ത. പുതിയ വിസയിൽ തിരിച്ചെത്തിയാൽ പഴയ ലൈസൻസിന്റെ പകർപ്പ് ഹാജരാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.
രാജ്യം വിടുന്ന അവസരത്തിൽ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസിന്റെ ഫോട്ടോസ്റ്റാറ്റുമായി ഏതെങ്കിലുമൊരു ഡ്രൈവിംഗ് സ്‌കൂളിനെ സമീപിച്ചാൽ പുതിയ ഇഖാമ നമ്പറിൽ പഴയ ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ട്വിറ്ററിൽ അറിയിച്ചു. 
പഴയ ഡ്രൈവിംഗ് ലൈസൻസ് സ്‌പോൺസർ നശിപ്പിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ വീണ്ടും ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ട കടമ്പ ഒഴിവാകുമെന്നത് ഡ്രൈവർമാർക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. എന്നാൽ പഴയ ലൈസൻസിന്റെ കാലാവധി തീർന്നതാണെങ്കിൽ ഡ്രൈവർമാർ മെഡിക്കൽ പരിശോധന പൂർത്തിയാക്കി വേണം അപേക്ഷ സമർപ്പിക്കാനെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
 

Latest News