റിയാദ് - ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയും ഛാഢും പ്രതിരോധ സഹകരണ ധാരണാപത്രം ഒപ്പുവെച്ചു. അസിസ്റ്റന്റ് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽബയാരിയും ഛാഢ് വിദേശ, പ്രവാസി, അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി മുഹമ്മദ് സ്വാലിഹ് അൽനദീഫുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സൈനിക പരിശീലനം, അഭ്യാസങ്ങൾ, മിലിട്ടറി മെഡിക്കൽ സേവനങ്ങൾ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ, ഭീകര വിരുദ്ധ പോരാട്ട മേഖല ബോധവൽക്കരണം, ലോജിസ്റ്റിക് പിന്തുണ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണാപത്രം അനുശാസിക്കുന്നു.
പ്രതിരോധ മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് ബിൻ അലി അസീരി, ഛാഢിലെ സൗദി അംബാസഡർ ആമിർ അൽശഹ്‌രി, പ്രതിരോധ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം മേധാവി ബ്രിഗേഡിയർ യൂസുഫ് അൽതാസാൻ, സൗദിയിലെ ഛാഢ് അംബാസഡർ ഹസൻ സ്വാലിഹ് അൽജുനൈദി എന്നിവർ ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു.






