Sorry, you need to enable JavaScript to visit this website.

ഇറാഖി സയാമീസ് ഇരട്ടകളുടെ ആരോഗ്യ നില ഭദ്രം -അൽറബീഅ

പന്ത്രണ്ടു ദിവസം മുമ്പ് ഓപറേഷനിലൂടെ വിജയകരമായി വേർപെടുത്തിയ ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും ഡോ. അബ്ദുല്ല അൽറബീഅ പരിശോധിക്കുന്നു.  

റിയാദ് - പന്ത്രണ്ടു ദിവസം മുമ്പ് ഓപറേഷനിലൂടെ വേർപെടുത്തിയ ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിന്റെയും അലിയുടെയും ആരോഗ്യനില ഭദ്രമായതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും സയാമീസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രികൾ നടത്തുന്ന മെഡിക്കൽ സംഘം ലീഡറുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. റിയാദിൽ നാഷണൽ ഗാർഡിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ചാണ് ഉമറിനെയും അലിയെയും ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിജയകരമായി വേർപെടുത്തിയത്. ഇരട്ടകളുടെ സുപ്രധാന ലക്ഷണങ്ങളെല്ലാം സാധാരണ നിലയിലായിട്ടുണ്ട്. ഇവർക്ക് ട്യൂബ് വഴി മുലപ്പാൽ നൽകാൻ തുടങ്ങി. മാതാപിതാക്കളുമായി ഇരുവരും സാധാരണ നിലയിൽ പ്രതികരിക്കുന്നുണ്ട്.
രണ്ടു ദിവസത്തിനുള്ളിൽ കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് കുട്ടികളുടെ വാർഡിലേക്ക് മാറ്റും. നാലു മുതൽ ആറു വരെ ആഴ്ചകൾ കൂടി കുട്ടികൾ ആശുപത്രിയിൽ തുടരും. ഇതിനു ശേഷം ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ മെഡിക്കൽ സംഘം തീരുമാനമെടുക്കും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം താമസ സ്ഥലത്ത് ഇരുവരുടെയും ചികിത്സ ഫോളോഅപ് ചെയ്യുമെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഈ മാസം 12 ന് ആണ് 27 അംഗ മെഡിക്കൽ സംഘം ഇറാഖി സയാമീസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. 1990 മുതൽ സൗദിയിൽ സയാമീസ് ഇരട്ടകൾ നടത്തുന്ന 54 ാമത്തെയും ഇറാഖിൽ നിന്നുള്ള സയാമീസ് ഇരട്ടകൾക്ക് നടത്തുന്ന അഞ്ചാമത്തെയും വേർപെടുത്തൽ ശസ്ത്രക്രിയ ആയിരുന്നു ഇത്.

Tags

Latest News