റിയാദ് - സന്ദർശക വിസയിൽ സൗദിയിലെത്തുന്ന വിദേശ വനിതകൾക്ക് കാലാവധിയുള്ള വിദേശ ലൈസൻസുണ്ടെങ്കിൽ വാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒരു വർഷം വരെയാണ് വിദേശ ലൈസൻസുകളിൽ ഇവർക്ക് രാജ്യത്ത് കാറോടിക്കാൻ അനുമതിയുണ്ടാവുക. സൗദി അറേബ്യ അംഗീകരിക്കുന്ന വിദേശ, അന്താരാഷ്ട്ര ലൈസൻസുകളായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
വനിതകൾക്ക് ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസിനുള്ള ഓൺലൈൻ രജിസ്‌ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കൻ, യൂറോപ്യൻ, ഗൾഫ് ഡ്രൈവിംഗ് ലൈസൻസുള്ള വനിതകൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമായിരിക്കും. ജൂൺ 24 മുതലാണ് ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് ആരംഭിക്കുക. ടെസ്റ്റിൽ പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കും. അന്നു തന്നെ അവർക്ക് വാഹനമോടിക്കാൻ സാധിക്കും. ഡ്രൈവിംഗ് ലൈസൻസില്ലാത്തവർക്ക് പരിശീലനം നിർബന്ധമാണ്. ഇതേക്കുറിച്ച് പിന്നീട് അറിയിക്കും. ജൂൺ 24 മുതൽ ഡ്രൈവിംഗ് പരിശീലനം ആരംഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറഞ്ഞു.
വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള മുഴുവൻ തയാറെടുപ്പുകളും ട്രാഫിക് ഡയറക്ടറേറ്റ് പൂർത്തിയാക്കി. ഏതാനും യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളിൽ അഞ്ചു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾക്കാണ് ഇതിനകം ലൈസൻസ് നൽകിയത്.